വയനാട് ടൗൺഷിപ്പിന് മാർച്ച് 27ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യു മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്.
അഭിമാനകാരമായ ദുരന്തനിവാരണ പ്രക്രിയയിലാണ് സർക്കാർ, കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. ടി സിദ്ധിഖ് എംഎൽഎയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു
കേന്ദ്ര സർക്കാർ മാലാഘയായിട്ടല്ല, ചെകുത്താനായിട്ടാണ് അവതരിച്ചതെന്ന് മന്ത്രി വിമർശിച്ചു. വയനാട്ടിൽ കേരളാ മോഡൽ ഉണ്ടാക്കും. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞിട്ടാണെന്നും മന്ത്രി ചോദിച്ചു. കേന്ദ്ര സർക്കാരിനെതിരെ പറയുമ്പോൾ പ്രതിപക്ഷം എന്തിനാണ് പ്രകോപിതരാകുന്നെന്നും മന്ത്രി രാജൻ ചോദിച്ചു.