ഈദ് അല്‍ ഇത്തിഹാദ്: അല്‍ ഐനിലെ വെടിക്കെട്ടിന് ലോക റെക്കാര്‍ഡ്

അല്‍ ഐന്‍: യുഎഇയുടെ ഈ വര്‍ഷത്തെ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ മുഖ്യവേദിയായ അല്‍ ഐന്‍ വെടിക്കെട്ടിലൂടെ ലോക റെക്കാര്‍ഡ് കരസ്ഥമാക്കി. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വെടിക്കെട്ടാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വെടിക്കെട്ടെന്ന ഇതുവരെയുണ്ടായിരുന്ന റെക്കാര്‍ഡ് തകര്‍ത്ത് പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ചത്.
അല്‍ ഐന്‍ നഗരസഭയാണ് ലോകത്തിലെ ഏറ്റവും നീളമേറിയ ചെയിന്‍ ഓഫ് ഫയര്‍വര്‍ക്ക്സ് എന്ന പുതിയ ഗിന്നസ് റെക്കാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഫ്ളവര്‍ ബൊക്കെ നിര്‍മിച്ച് നഗരസഭ റെക്കാര്‍ഡിട്ടിരുന്നു. ഇത്തവണ ഡിസംബര്‍ രണ്ടിന് നടത്തിയ കരിമരുന്ന് പ്രയോഗം 11.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു. 51 പ്ലാറ്റ്ഫോമിലായാണ് കരിമരുന്ന് പ്രയോഗം അരങ്ങേറിയത്. എട്ട് മിനുട്ട് നീണ്ട കരിമരുന്ന് പ്രയോഗത്തില്‍ ഗിന്നസ് റെക്കാര്‍ഡിന് അര്‍ഹമായത് 50 സെക്കന്റ് നീണ്ടുനിന്ന പ്രയോഗമായിരുന്നു. 2023ല്‍ പൈറോ മ്യൂസികല്‍ ഷോയിലൂടെ രണ്ട് ഗിന്നസ് റെക്കാര്‍ഡുകള്‍ എമിറേറ്റ് കരസ്ഥമാക്കിയിരുന്നു.