‘എമിറേറ്റ്‌സ് ലൗ ഇന്ത്യ’ യുഎഇയുടെ ഗ്രാന്റ് ദീപാവലി ആഘോഷം 16ന്
ദുബൈ: യുഎഇയുടെ ഗ്രാന്റ് ദീപാവലി ആഘോഷമായ ‘ലൗ ഇന്ത്യ’ 16ന് നടക്കും. യുഎഇ ടോളറന്‍സ് ആന്റ് കോഎക്‌സിസ്റ്റന്‍സ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഒപ്പം രാജ്യത്തെ വിശിഷ്ട വ്യക്തികളും പരിപാടിയില്‍ പങ്കെടുക്കും. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയില്‍ ഇന്ത്യക്കാര്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായാണ് എമിറേറ്റ്‌സ് ലൗ ഇന്ത്യ പരിപാടി സംഘടിപ്പിക്കുന്നത്.
യുഎഇ ഗവണ്‍മെന്റിന്റെ മീഡിയാ ഓഫിസിന്റേയും ദുബൈ പൊലീസിന്റേയും പിന്തുണയോടെ എമിറേറ്റ്‌സ് ലൗ ഇന്ത്യയാണ് പരിപാടിയുടെ സംഘാടകര്‍. സബീല്‍ പാര്‍ക്കിലാണ് 40,000 പേര്‍ പങ്കെടുക്കുന്ന ദീപാവലി ആഘോഷം നടക്കുക. യുഎഇയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെയും ഇന്ത്യന്‍ ജനതയുടെ വൈവിധ്യങ്ങളുടെയും പ്രകടനം കൂടിയായി മാറും ആഘോഷമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ 1975 ജനുവരിയിലെ ചരിത്രപരമായ ഇന്ത്യാ സന്ദര്‍ശനമായിരുന്നു ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാംസ്‌കാരിക ഉടമ്പടി ഒപ്പുവെക്കുന്നതിലേക്കു നയിച്ചത്. 2017 ജനുവരിയിലെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഇന്ത്യാ സന്ദര്‍ശനവും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ നായികക്കല്ലായിരുന്നു.