
കുവൈത്ത് സിറ്റി: കുവൈത്തിൽ സാധനങ്ങൾ നൽകാൻ വൈകിയതിനെ തുടർന്ന് കടയിലെ ജീവനക്കാരനായ പ്രവാസിയെ മർദിച്ച വ്യക്തിക്കായി അന്വേഷണം ആരംഭിച്ചു. മൊബൈൽ ഗ്രോസറി സ്റ്റോറിലെ പ്രവാസി തൊഴിലാളിയെ ആണ് അതിക്രൂരമായി ആക്രമിച്ച് അവശനാക്കിയത്. കൂടാതെ മനഃപൂർവം സ്റ്റോറിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ഇരയുടെ മൊഴി അനുസരിച്ച് ലൈസൻസ് പ്ലേറ്റുകളില്ലാത്ത ഒരു കറുത്ത വാനിലാണ് പ്രതി എത്തിയതെന്ന് ജഹ്റ ഡിറ്റക്ടീവുകൾ അറിയിച്ചു. ഗുരുതരമായ ആക്രമണവും മനഃപൂർവമുള്ള നാശനഷ്ടവും എന്ന തരത്തിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്.
പ്രതി പലചരക്ക് കടയിൽ നിർത്തി കുറച്ച് സാധനങ്ങൾ ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ തിരക്ക് കാരണം തനിക്ക് അൽപ്പം കാലതാമസമുണ്ടായെന്ന് ജീവനക്കാരൻ വിശദീകരിച്ചു. ആവശ്യപ്പെട്ട സാധനങ്ങൾ ലഭിച്ചതിന് ശേഷം, പ്രതി വാഹനത്തില്‍ നിന്നിറങ്ങി ജീവനക്കാരനെ ശാരീരികമായി ആക്രമിക്കുകയും തുടർന്ന് കടയിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.