ആദ്യം രാഹുലും ജഡേജയും, പിന്നെ ആകാശ് ദീപും ബുമ്രയും; വീരോചിത പോരാട്ടത്തിൽ ഫോളോ ഓൺ ഭീഷണി മറികടന്ന് ഇന്ത്യ
ജയത്തിലേക്കുള്ള ബൗണ്ടറി ആയിരുന്നില്ല അത്. എങ്കിലും ഓസീസ് നായകൻ പാറ്റ് കമ്മിൻസിനെ അതിർത്തിയിലേക്ക് ആകാശ് ദീപ് പായിക്കുമ്പോൾ ഇന്ത്യൻ ആരാധകർ ഒന്നടങ്കം നെടുവീർപ്പിട്ടു. ഡ്രസിംഗ് റൂമിൽ നായകൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും സന്തോഷത്താൽ ചാടിയെഴുന്നേറ്റ് കയ്യടിച്ചു. ഇന്നിംഗ്‌സ് തോൽവി മുന്നിൽ കണ്ട ഇന്ത്യയെ ഒരുപക്ഷേ സമനിലയിലേക്ക് എത്തിക്കുന്ന നാല് റൺസ് ആയിരുന്നുവത്. ഇന്ത്യ ഫോളോ ഓൺ ഭീഷണി കടന്നപ്പോൾ ജയത്തേക്കാൾ വലിയ ആശ്വാസവും ആഹ്ലാദവുമായിരുന്നു ആരാധകർക്കും
ഗാബയിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ പോരാട്ടമെന്തെന്ന് കാണിച്ച് കൊടുത്തത് ആദ്യം കെഎൽ രാഹുലും പിന്നെ ജഡേജയുമായിരുന്നു. ഒമ്പതാമനായി ജഡേജ പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 213ൽ എത്തിയിട്ടുണ്ടായിരുന്നുള്ളു. ഫോളോ ഓൺ ഭീഷണി കടക്കാൻ ഇനിയും വേണ്ടിയിരുന്നു 33 റൺസ് കൂടി. ഇന്നിംഗ്‌സ് തോൽവി പ്രതീക്ഷിച്ചിടത്ത് നിന്ന് ആകാശ് ദീപും ബുമ്രയും ചേർന്ന് ഇന്ത്യൻ സ്‌കോറിംഗിനെ ഏറ്റെടുത്തു. പിന്നെ നടന്നത് ചരിത്രം. ഇരുവരും ചേർന്ന് ഇതുവരെ കൂട്ടിച്ചേർത്തത് അവസാന വിക്കറ്റിൽ 39 റൺസ്. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ്
31 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 27 റൺസുമായി ആകാശ് ദീപും 27 പന്തിൽ ഒരു സിക്‌സ് സഹിതം 10 റൺസുമായി ബുമ്രയുമാണ് ക്രീസിൽ. ആക്രമണവും ചെറുത്തുനിൽപ്പും ഒന്നിച്ച കൂട്ടുകെട്ട്. മുൻനിര ബാറ്റ്‌സ്മാൻമാരെ പോലും നാണിപ്പിക്കുന്ന പ്രകടനം വാലറ്റം എടുത്തപ്പോൾ രക്ഷപ്പെട്ടത് ടീം ഒന്നാകെയാണ്.
51ന് 4 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം കളി ആരംഭിച്ചത്. സ്‌കോർ 74 ൽ നിൽക്കെ പത്ത് റൺസെടുത്ത നായകൻ രോഹിത് ശർമ മടങ്ങി. പിന്നീട് കെഎൽ രാഹുലും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് സ്‌കോർ 141 വരെ എത്തിച്ചു. സെഞ്ച്വറി അർഹിച്ചിരുന്ന കെഎൽ രാഹുൽ 84 റൺസിൽ പുറത്തായി. 139 പന്തുകൾ നേരിട്ട രാഹുൽ എട്ട് ബൗണ്ടറികളും നേടിയിരുന്നു. സ്‌കോർ 194ൽ 16 റൺസെടുത്ത നിതീഷും വീണു. അതേസമയം മറുവശത്ത് ജഡേജ പതിയെ ഇന്ത്യൻ സ്‌കോർ ഉയർത്തുന്നുണ്ടായിരുന്നു
സ്‌കോർ 201ൽ സിറാജും സ്‌കോർ 213ൽ ജഡേജയും പുറത്തായി. 123 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതമാണ് ജഡേജ 77 റൺസ് എടുത്തത്. പിന്നീടാണ് ബുമ്രയുടെയും ആകാശ് ദീപിന്റെയും പോരാട്ടം ഗാബ കണ്ട.് ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിൻസ് നാല് വിക്കറ്റെടുത്തപ്പോൾ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസിൽവുഡ്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.