മയക്കുമരുന്ന് കൈവശം വച്ചതിന് അഞ്ചു വര്‍ഷം തടവ്
ദുബൈ: മയക്കുമരുന്ന് കൈവശം വച്ചതായി കണ്ടെത്തിയ കേസില്‍ യുവാവിന് അഞ്ചു വര്‍ഷത്തെ തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാടുകടത്താനും കോടതി ഉത്തവിട്ടിട്ടുണ്ട്.
ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യക്കൊപ്പം പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കേസില്‍ കൂട്ടുപ്രതിയായ ഭാര്യക്ക് 5,000 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് കൈവശപ്പെടുത്തിയതെന്ന് പൊലിസ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ദുബൈ പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മുറഖാബാദ് മേഖലയില്‍ താമസിക്കുന്ന ഏഷ്യക്കാരിയായ സ്ത്രീ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു.
ലഭിച്ച വിവരം സത്യമാണെന്ന് ഉറപ്പിച്ച ശേഷം പൊലിസ് വീട് റെയ്ഡ് ചെയ്യുകയും പ്രതിയേയും ഭാര്യയേയും മയക്കുമരുന്നായ മെത്താംഫെറ്റാമിന്‍ സഹിതം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.