Gulf
പേമാരി: സഊദിയില്‍ 50 വര്‍ഷമായി കടലുമായി ബന്ധമില്ലാതെ കിടന്ന വാദി നിറഞ്ഞൊഴുകി
റിയാദ്: രാജ്യത്ത് പെയ്ത ശക്തമായ പേമാരിയില്‍ അര നൂറ്റാണ്ടായി കടലുമായുള്ള ബന്ധം മുറിഞ്ഞുപോയ വാദി നിറഞ്ഞൊഴുകി കടലിനെ പ്രാപിച്ചു. വാദി ഖലബാണ് 50 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിറഞ്ഞൊഴുകി അത്ഭുതം സൃഷ്ടിച്ചത്. പ്രകൃതിഭംഗിക്ക് സഊദിയില്‍ പേരുകേട്ട പ്രദേശമായ ജസാനിലാണ് ഈ അരുവി സ്ഥിതിചെയ്യുന്നത്.
മഴ ശക്തമായി പെയ്തതോടെ ഇവിടുത്തെ പതിറ്റാണ്ടുകളായി വരണ്ടുണങ്ങിയ താഴ്‌വരകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
പ്രകൃതി സുന്ദരമെന്ന ഖ്യാതി നേടിയിരുന്ന പ്രദേശമായ ജസാനിലെ മഴയാല്‍ ജീവന്‍ നല്‍കപ്പെട്ട സുന്ദരമായ ദൃശ്യം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. നാട്ടുകാര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കുമെല്ലാം മഴ സൃഷ്ടിച്ച പ്രകൃതി പ്രതിഭാസം വലിയൊരു ആഘോഷമായി മാറിയിട്ടുണ്ട്.