World
ദക്ഷിണ കൊറിയയിൽ കനത്ത നാശം വിതച്ച് കാട്ടുതീ; 24 മരണം, പൗരാണിക ബുദ്ധക്ഷേത്രമടക്കം കത്തിനശിച്ചു

ദക്ഷിണ കൊറിയയിൽ വ്യാപക നാശം വിതച്ച് കാട്ടുതീ പടരുന്നു. 24 പേർ കാട്ടുതീയിൽ പെട്ട് മരിച്ചതായാണ് വിവരം. 250ലധികം കെട്ടിടങ്ങൾ കത്തിനശിച്ചു. മുപ്പതിനായിരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
നിരവധി വീടുകളും ഫാക്ടറികളും വാഹനങ്ങളും കത്തിനശിച്ചു. 1300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രവും കാട്ടുതീയിൽ കത്തിനശിച്ചതായി കൊറിയൻ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് സുരക്ഷിതമായി മാറ്റിയിരുന്നു.
വെള്ളിയാഴ്ച മുതലാണ് ദക്ഷിണ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത്. 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചതായാണ് വിവരം. 130 ഹെലികോപ്റ്ററുകൾ, 4650 അഗ്നിരക്ഷാ സേനാംഗങ്ങൾ, സൈന്യം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.