യുഎയില്‍ നിന്നുള്ള മരുന്നും ഭക്ഷ്യവസ്തുക്കളും കയറ്റിയ നാല് കണ്‍വോയികള്‍ ഗാസയിലെത്തി
അബുദാബി: ഈജിപ്തിലെ റഫ അതിര്‍ത്തി കടന്ന് യുഎഇ അയച്ച ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും ഗാസയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. മനുഷ്യത്വപരമായ സഹായമായി ഗാസയിലെ രോഗികള്‍ക്കായി യുഎഇ അയച്ച വസ്തുക്കളാണ് നാലു കണ്‍വോയികളിലായി ഗാസയില്‍ എത്തിയിരിക്കുന്നത്. ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ് 3ന്റെ ഭാഗമായുള്ളവയാണ് ഇവയെന്ന് യുഎഇയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വാം വ്യക്തമാക്കി.
മൊത്തം കണ്‍വോയ്‌യായി 47 ലോറികളാണ് ഗാസയിലേക്ക് പുറപ്പെട്ടത്. 605 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നും കുട്ടികള്‍ക്കുള്ള ന്യൂട്രീഷ്യന്‍ സപ്ലിമെന്റ്‌സും വസ്ത്രങ്ങളും ഷെല്‍ട്ടര്‍ മെറ്റീരിയല്‍സും ഉള്‍പ്പെടെയുള്ള മനുഷ്യന് അത്യാവശ്യമായ വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇസ്രായേലില്‍നിന്നുള്ള കടുത്ത താക്കീതുകള്‍ക്കിടയിലാണ് വസ്തുക്കള്‍ ഗാസയിലേക്ക് എത്തിക്കാന്‍ സാധിച്ചിരിക്കുന്നത്. പ്രത്യേകിച്ചും വടക്കന്‍ ഗാസയിലേക്കുള്ള വസ്തുക്കളുടെ കടത്ത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നൂവെന്നും ലോറിയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് വാം റിപ്പോര്‍ട്ട് ചെയ്തു.