ജിഡിആര്‍എഫ്എ വൊളന്റിയര്‍ വര്‍ക്ക് പ്രോഗ്രാം സംഘടിപ്പിച്ചു
ദുബൈ: ജിഡിആര്‍എഫ്എ(ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്)യുടെ ആഭിമുഖ്യത്തില്‍ വൊളന്റിയര്‍ വര്‍ക്ക് ലൈസന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് ക്രിയാത്മകമായ സംഭാവന നല്‍കാന്‍ ലക്ഷ്യമിട്ടാണ് സോഷ്യല്‍ എന്റെര്‍പ്രൈസസ് യുകെ, ഫോര്‍വേഡ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് എന്നിവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്.
ശില്‍പശാലകളും പ്രഭാഷണങ്ങളും ഒപ്പം ഫലപ്രദമായ ആശയവിനിമയ രീതികളും പരിപാടിയെ വേറിട്ടതാക്കി. വൊളന്റിയര്‍ പ്രൊജക്ട് മാനേജ്‌മെന്റ്, നേതൃത്വം, ആശയവിനിമയം എന്നീ മേഖലകളില്‍ കഴിവ് വികസിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകള്‍ പങ്കാളികളായവര്‍ക്ക് മുതല്‍ക്കൂട്ടായി. പരിശീലനം പൂര്‍ത്തിയാക്കിയ 20 ജീവനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വൊളന്റിയര്‍ പ്രോഗ്രാമിലൂടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന നൂതനമായ കഴിവുകളും രാജ്യാന്തര നിലവാരത്തിലുള്ള പ്രായോഗിക പരിജ്ഞാനവും പങ്കുവെച്ചതായി ജിഡിആര്‍എഫ്എയുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ സപോര്‍ട്ട് അഫയേഴ്‌സ് അസി. ഡയരക്ടര്‍ ജനറല്‍ ബ്രി. അബ്ദുല്‍സമദ് ഹുസൈന്‍ സുലൈമാന്‍ അല്‍ ബലൂഷി വ്യക്തമാക്കി.