തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണോ പോകുന്നത്; നാളെ മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ നൽകണം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് നാളെ മുതൽ ചാർജ്ജ് കൂടും. നാളെ മുതൽ പത്ത് രൂപയാണ് നിരക്ക് ഈടാക്കുക. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടേതാണ് തീരുമാനം. എല്ലാ ഒപി കൗണ്ടറുകൾക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോർഡ് സ്ഥാപിക്കും. മെയ് ഒന്ന് മുതലാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇന്ന് അവധി ദിനമായതിനാൽ അടുത്ത ദിവസം മുതൽ ചാർജ്ജ് നിരക്ക് കൂട്ടാമെന്നായിരുന്നു തീരുമാനം.
പുതിയ ഒപി ടിക്കറ്റിന് രണ്ട് മാസമാണ് കാലാവധി. എന്നാൽ ഡോക്ടർ മരുന്ന് കുറിച്ച് നൽകിയതിന് ശേഷം ഒപി ടിക്കറ്റിൽ സ്ഥലമില്ലെങ്കിൽ വീണ്ടും പത്ത് രൂപ നൽകി പുതിയ ഒപി ടിക്കറ്റ് എടുക്കണമെന്നും ഉത്തരവിൽ പറയുന്നു. വേറൊരു വിഭാഗത്തിലെ ഡോക്ടറെ കാണണമെങ്കിലും പുതിയ ഒപി ടിക്കറ്റ് എടുക്കണം.
ഒപി ടിക്കറ്റ് ചാർജ്ജിന്റെ നിരക്ക് നേരത്തെയും കൂട്ടാൻ ശ്രമിച്ചിരുന്നു എന്നാൽ കടുത്ത പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. മറ്റുമെഡിക്കല്‍ കോളേജുകളിലും നിരക്ക് ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒപി ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമാനമായ രീതിയില്‍ ഒ പി ടിക്കറ്റ് വില വര്‍ധിപ്പിച്ചിരുന്നു.