ഐടി പാർക്കുകളിൽ ഇനി മുതൽ മദ്യം വിളമ്പാം; ഉത്തരവ് പുറത്തിറക്കി സർക്കാർ

ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ജീവനക്കാർക്ക് മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി വേണം.10 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളു.
ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡെകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം. ഒരു ഐടി പാർക്കിൽ ഒരു മദ്യശാലയെന്നതാണ് നിബന്ധന. ഐടി പാർക്കുകളിൽ മദ്യശാലയ്ക്ക് അനുമതി നൽകാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. നിയമസഭ സമിതിയും തീരുമാനത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു.
കമ്പനികളോട് ചേർന്ന് തന്നെയായിരിക്കും മദ്യശാല. പക്ഷെ ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആർക്കും മദ്യം വിൽക്കരുതെന്നാണ് ചട്ടം. ഗുണമേന്മയില്ലാത്ത മദ്യം വിൽക്കരുതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്.