National

വാഹനങ്ങളുടെ ടയറിന് എന്തുകൊണ്ടാണ് കറുപ്പ് നിറമെന്ന് ചിന്തിച്ചിട്ടുണ്ടോ: കാരണം അറിയേണ്ടേ?

ചെന്നൈ: റോഡിലോടുന്ന വാഹനങ്ങളുടെ നിറങ്ങള്‍ പലതാണെങ്കിലും ടയറുകള്‍ എന്തുകൊണ്ടാണ് കറുപ്പായിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? റോഡ് നിറയെ ഏത് നേരവും പലനിറത്തിലുള്ള വാഹനങ്ങളാ, പ്രത്യേകിച്ചും പട്ടണപ്രദേശങ്ങളില്‍. പക്ഷേ ഒരിക്കലും കറുപ്പല്ലാത്ത ഒരു നിറത്തിലുള്ള ടയറുള്ള ഒരു വാഹനവും നമുക്ക് എവിടേയും കാണാനാവില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്?

ഇന്ന് കാണുന്ന തരത്തിലുള്ള നുമാറ്റിക് ടയറുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത് 1895 മുതലാണ്. ആദ്യം ഉപയോഗിച്ച ടയറുകള്‍ റബറിന്റെ സ്വാഭാവികമായ വെളുത്ത നിറത്തിലുള്ളവയായിരുന്നു. നമ്മുടെ വാഹനങ്ങളുടെ ടയറുകളുടെ നിറം വെറും കറുപ്പല്ല. ഇത് കാര്‍ബണ്‍ ബ്ലാക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ സംയോജനത്തിലൂടെയാണ് ഈ നിറം ലഭിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന സംയുക്തം റബ്ബറിന് ഉറപ്പും ദൃഢതയും നല്‍കുന്നതിനൊപ്പം ചൂട് ആകിരണം ചെയ്യുന്നതും ഒഴിവാക്കുന്നു. ടയര്‍ ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതിന് സഹായിക്കുന്ന ഘടകം കൂടിയാണിത്. യുവി രശ്മികളെ ചെറുക്കാനുള്ള കഴിവും ഈ കാര്‍ബര്‍ ബ്ലാക്ക് നിറത്തിനുണ്ട്.

മനുഷ്യ ചരിത്രത്തിലെ എക്കാലത്തേയും വിപ്ലവകരമായ കണ്ടുപിടുത്തമായിരുന്നല്ലോ ചക്രങ്ങളുടേത്. ആദിമ മനുഷ്യരുടെ സമാനതകളില്ലാത്ത ഈ കണ്ടുപിടിത്തമാണ് ക്രമേണ വാഹനങ്ങളുടെ ഉത്ഭവത്തിലേക്ക് എത്തിച്ചത്. പഴയകാല ചക്രങ്ങള്‍ തടികൊണ്ടുള്ളതായിരുന്നു, പിന്നീട് ആ സ്ഥാനം ലോഹങ്ങള്‍ക്കായി. ഒടുവിലാണ് ഏറ്റവും സുഖപ്രദമായ റബറിലേക്ക് എത്തുന്നത്. 20ാം നൂറ്റാണ്ടുവരെ ലോകത്തൊരിടത്തും ചക്രങ്ങള്‍ നിര്‍മിക്കാന്‍ ടയര്‍ ഉപയോഗിച്ചിരുന്നില്ലെന്നതാണ് ചരിത്രം. ഇന്ന് ചില രാജ്യങ്ങളില്‍ വെള്ള നിറത്തിലുള്ള ടയറുകള്‍ ആവിര്‍ഭവിച്ച് തുടങ്ങിയിട്ടുണ്ട്. എന്തായാലും കറുപ്പുപോലെ ഒരു സ്വീകാര്യതയൊന്നും അതിന് ലഭിക്കില്ലെന്നുവേണം കരുതാന്‍.

Related Articles

Back to top button