മക്കയില്‍ കനത്ത മഴ; തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഗ്രാന്റ് മോസ്‌ക് അധികൃതര്‍

റിയാദ്: മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഗ്രാന്റ് മോസ്‌ക് അധികൃതര്‍. ഇന്നലെയുണ്ടായ മഴയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
യാത്രയില്‍ കൈകളില്‍ കുടകള്‍ സൂക്ഷിക്കാനും ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടാനും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇരു പുണ്യഗേഹങ്ങളുടെയും കാര്യങ്ങള്‍ക്കായുള്ള ജനറല്‍ അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അപകടങ്ങളോ, പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്യുന്നതിന് 1966 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. കാലാവസ്ഥാ മുന്നറിയിപ്പുകളെ നിരീക്ഷിക്കാനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും അധികൃതര്‍ അപ്പപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും അഭ്യര്‍ഥിച്ചിട്ടുണ്ട്.
വെള്ളക്കെട്ടിന് പരിഹരം കാണാന്‍ 600ല്‍ അധികം ഫീല്‍ഡ് വര്‍ക്കര്‍മാര്‍, 52 പ്രത്യേക വാഹനങ്ങള്‍, 32 വലിയ ടാങ്കറുകള്‍ എന്നിവ വെള്ളം പമ്പ് ചെയ്യാനും റോഡുകള്‍ വൃത്തിയാക്കാനും വിന്യസിച്ചതായി മക്ക മുനിസിപാലിറ്റി അറിയിച്ചു. ജസാന്‍, അസിര്‍, അല്‍ ബാഹ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മിതമായതോ, ശക്തമായതോ ആയ ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളെ ബാധിച്ച പ്രതികൂല കാലാവസ്ഥയുടെ ഭാഗമായി മക്കയില്‍ ശക്തമായ ഉപരിതല കാറ്റിനൊപ്പം മിതമായ മഴയും ഉണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.