സഊദി മരുഭൂമിയില്‍ കനത്ത മഞ്ഞുവീഴ്ച; എന്താണ് വരാനിരിക്കുന്നതെന്ന് ആശങ്കപ്പെട്ട് ശാസ്ത്രലോകം
റിയാദ്: സഊദി മരുഭൂമിയില്‍ ചരിത്രത്തില്‍ ആദ്യമായി മഞ്ഞുവീഴ്ച സംഭവിച്ചു. അല്‍-ജൗഫ് മരുഭൂമിയിലാണ് ഏവരെയും അത്ഭുതപ്പെടുത്തി മഞ്ഞുപെയ്തത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ശക്തമായ താക്കീതായി മാറിയിരിക്കുന്ന ഈ പ്രകൃതി പ്രതിഭാസം എന്ത് ദുരന്തത്തിലേക്കാവും എത്തിക്കുകയെന്നാണ് ഗവേഷകരും ശസ്ത്രലോകവും ഭയക്കുന്നത്.
ശാസ്ത്രലോകവും ഗവേഷകരും, പ്രകൃതിസ്‌നേഹികളുമെല്ലാം ആശങ്കപ്പെടുമ്പോഴും മഞ്ഞുവീഴ്ചയെ ആഘോഷമാക്കി മാറ്റുകയാണ് സാധാരണക്കാര്‍. അല്‍-ജൗഫ് മരുഭൂമിയിലെ മഞ്ഞുവീഴ്ച ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ മഞ്ഞുവീഴ്ചയുടെ ചിത്രങ്ങള്‍ പകര്‍ത്താനും വീഡിയോകള്‍ ചിത്രീകരിക്കാനും ആയി ഈ മേഖലയിലേക്ക് എത്തുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും ചുഴലിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സഊദിയുടെ പര്‍വത പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 2,600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അല്‍ ലാവസ് മേഖലയിലും ഒപ്പം തുറൈഫ്, താബൂക്, അറാര്‍, ശഖ്‌റാ, റഫ്‌വാ പ്രദേശങ്ങളിലുമെല്ലാം വര്‍ഷത്തില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.
ഒരിക്കലും മഞ്ഞുവീഴ്ചക്ക് സാക്ഷിയായതായി ആധുനിക കാലത്ത് രേഖപ്പെടുത്താത്ത വേനലില്‍ കത്തിജ്വലിക്കുന്ന മരുഭൂമിയിലാണ് മഞ്ഞുവീഴ്ച സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഭൂമിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ അമ്പരപ്പിക്കുന്ന ഉദാഹരണങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സൗദി അറേബ്യന്‍ മരുഭൂമി. വര്‍ഷം മുഴുവന്‍ വരണ്ടു ചൂടേറിയ കാലാവസ്ഥ നിലനിന്നിരുന്ന അല്‍-ജൗഫ് മരുഭൂമിയില്‍ ഇത്തവണ ആദ്യമായി മഞ്ഞുവീഴ്ച ഉണ്ടായിരിക്കുകയാണെന്നത് ഭയപ്പെടേണ്ട കാര്യമാണ്.
ശൈത്യകാലം എത്തുന്നതിനു മുന്‍പേ ആണ് അല്‍-ജൗഫ് മരുഭൂമിയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത് എന്നുള്ളതും ഏറെ അമ്പരപ്പിക്കുന്നു. സഊദിയെ സംബന്ധിച്ചിടത്തോളം എന്തോ ആപത്തിന്റെ പ്രത്യക്ഷ സൂചനയാണ് മഞ്ഞുവീഴ്ചയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.