ബിഗ്‌ബോസ് താരങ്ങള്‍ക്ക് എങ്ങനെയാണ് പണം കിട്ടുന്നത്; വെളിപ്പെടുത്തലുമായി കിടിലം ഫിറോസ്
ബിഗ്‌ബോസിന് ശേഷം ജീവിതം മാറിമറിഞ്ഞെന്നും ഫിറോസ്
ബിഗ്‌ബോസ് പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ബിഗ്‌ബോസില്‍ നിന്ന് എങ്ങനെയാണ് പണം കിട്ടുകയെന്ന് വെളിപ്പെടുത്തി ബിഗ്‌ബോസ് സീസണ്‍ 3യിലെ മത്സരാര്‍ഥിയും യൂട്യൂബറുമായിരുന്ന കിടിലം ഫിറോസ്. ബിഗ്‌ബോസ് താരങ്ങള്‍ എങ്ങനെയാണ് പണം നേടുന്നതെന്നാണ് താരം വെളിപ്പെടുത്തിയത്.
ബിഗ്‌ബോസില്‍ പങ്കെടുത്ത ശേഷം പല താരങ്ങളും സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൊയ്യാറുണ്ട്. ഓരോ ദിവസവും ഷോയില്‍ പങ്കെടുക്കുന്നതിന് വലിയ ശമ്പളമാണ് താരങ്ങള്‍ക്ക് കിട്ടാറുള്ളത്. എന്നാല്‍, ഇതിനേക്കാള്‍ ഏറെ ബിഗ്‌ബോസ് നല്‍കുന്ന പ്രശസ്തിയാണ് താരങ്ങളുടെ സാമ്പത്തിക നേട്ടത്തിന് കാരണമാകുന്നതെന്നും അത് അവരുടെ താരമൂല്യത്തെയും ബിസിനസ്സിനെയും വളര്‍ത്തുമെന്നും ഫിറോസ് വ്യക്തമാക്കുന്നു. ബിഗ്‌ബോസിലേക്ക് അവസരം ലഭിച്ചാല്‍ ആരും അത് മിസ്സാക്കരുതെന്നും ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ താന്‍ പോലും അറിയാതെ കുറെ പണം വന്ന് ചേര്‍ന്നുവെന്നുമാണ് ഫിറോസ് പറയുന്നത്.
ബിഗ് ബോസില്‍ പങ്കെടുത്തത് കൊണ്ട് എനിക്കുണ്ടായ മാറ്റം സനാഥാലയം തുടങ്ങാന്‍ സാധിച്ചുവെന്നതാണ്. കാന്‍സര്‍ രോഗികള്‍ക്കായൊരിടം എന്നതാണ് സനാഥാലയം കൊണ്ട് ഉദ്ദേശിച്ചത്. ബിഗ് ബോസില്‍ പോകും മുന്‍പ് എനിക്കൊരു വീടില്ലായിരുന്നു. 20 കൊല്ലത്തോളം വാടക വീട്ടിലാണ് ഞാന്‍ കഴിഞ്ഞിരുന്നത്. ഷോയില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ എനിക്ക് വീട് വെക്കാന്‍ പറ്റി. മക്കളുടെ പഠനത്തെ കുറിച്ച് പേടിയുണ്ടായിരുന്നു. അവരുടെ പഠനത്തിനും ഒരു പോളിസി സെറ്റ് ചെയ്ത് ഇടാന്‍ പറ്റി. ഇത്തരത്തിലുള്ള സാമ്പത്തിക മെച്ചമല്ലാതെ എന്റെ പേഴ്‌സ്ണാലിറ്റിയിലോ പേഴ്‌സോണയിലോ വലിയ മാറ്റം ഉണ്ടായിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.