ജയിലിലേക്ക് ഫോണും ലഹരിയും എറിഞ്ഞു കൊടുത്താൽ കിട്ടുന്നത് 2000 രൂപ വരെ; പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു കൊടുത്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പോലീസിന്റെ പിടിയിലായത്. സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു കൊടുത്താൽ ആയിരം രൂപ മുതൽ 2000 രൂപ വരെ കിട്ടുമെന്നാണ് അക്ഷയ് പോലീസിനോട് പറഞ്ഞത്
നേരത്തെ നിർദേശിക്കുന്നത് പ്രകാരം ജയിലിനകത്തെ അടയാളങ്ങൾ നോക്കിയാണ് മൊബൈലും ലഹരി വസ്തുക്കളും എറിഞ്ഞു നൽകുന്നതെന്ന് ഇയാൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു കൊടുക്കുന്നതിനിടെയാണ് അക്ഷയ് പിടിയിലായത്
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇതിന് പിന്നിലൊരു റാക്കറ്റ് തന്നെയുണ്ടെന്ന് അക്ഷയ് വെളിപ്പെടുത്തിയത്. വാട്‌സാപ് വഴിയാണ് നിർദേശങ്ങൾ ലഭിക്കുക. സാധനങ്ങൾ എറിഞ്ഞു നൽകാൻ ഒരു ദിവസം തിരഞ്ഞെടുക്കും. എറിഞ്ഞു നൽകേണ്ട സ്ഥലത്തിന്റെ അടയാളവും നേരത്തെ നിർദേശിക്കും. ശ്രമം വിജയിച്ചാൽ ഗൂഗിൾ പേ വഴി പ്രതിഫലം ലഭിക്കുമെന്നും അക്ഷയ് അറിയിച്ചു