Kerala

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടണം; പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒയു‌ടെ കത്ത്

കോഴിക്കോട്: താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടണമെന്ന് ഡിഇഒ. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഡിഇഒ യുടെ നിർദ്ദേശം. കൂടാതെ പഞ്ചായത്തി രാജ് ചട്ടങ്ങൾ പാലിക്കാത്ത ട്യൂഷൻ സെന്ററുകൾ അടിയന്തരമായി അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. പല സ്ഥാപനങ്ങൾക്കും നാഥനില്ലെന്നും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിർബന്ധിത രജിസ്ട്രേഷനും അംഗീകാരവുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെടുത്തി കൊണ്ടാണ് കത്തയച്ചിരിക്കുന്നത്. നിയമത്തിലെ സെക്ഷൻ 266 പ്രകാരം, പഞ്ചായത്തിന്റെ മുൻകൂർ രജിസ്ട്രേഷനും അനുമതിയും ഇല്ലാതെ ഒരു ട്യൂട്ടോറിയൽ സെന്ററും പ്രവർത്തിക്കാൻ പാടുളളതല്ല. കൂടാതെ, ഈ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടലും പിഴയും ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ സെക്ഷൻ 267 പഞ്ചായത്തിന് അധികാരം നൽകുന്നുവെന്നും കത്തിൽ പറയുന്നു.

മുഹമ്മദ് ഷഹബാസിന്റെ ദാരുണമായ മരണം ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ്. വിദ്യാർത്ഥി സംഘർഷങ്ങൾ ട്യൂട്ടോറിയൽ കേന്ദ്രങ്ങളിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൗമാരക്കാരായ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി ഈ സ്ഥാപനങ്ങൾ വിവിധ അനിയന്ത്രിതമായ രീതികൾ അവലംബിക്കുന്നുണ്ടെന്നും താമരശ്ശേരി ഡിഇഒ യുടെ കത്തിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!