Gulf

ഒറ്റ ദിവസത്തില്‍ കുവൈറ്റ് റദ്ദാക്കിയത് മുവ്വായിരത്തിലേറെ പേരുടെ പൗരത്വം

കുവൈറ്റ് സിറ്റി: നേര്‍വഴിക്കല്ലാതെ രാജ്യത്ത് പൗരത്വം കരസ്ഥമാക്കിയവര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി കുവൈറ്റ് അറിയിച്ചു. നിയമപരമല്ലാത്ത മാര്‍ഗങ്ങളിലൂടെ കുവൈറ്റ് പൗരത്വം നേടിയെന്ന് കണ്ടെത്തിയവരുടെ പൗരത്വമാണ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരൊറ്റ ദിവസത്തില്‍ മാത്രം രണ്ട് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ മുവ്വായിരത്തില്‍ അധികം പേരുടെ പൗരത്വമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.

പൗരത്വം പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കുവൈറ്റിന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതായി കുവൈറ്റ് ദിനപത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച കുവൈറ്റ് പൗരത്വം റദ്ദാക്കപ്പെട്ട 1,758 വ്യക്തികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. പ്രശസ്ത കുവൈറ്റ് നടനും കലാകാരനുമായ ദാവൂദ് ഹുസൈന്‍, പ്രശസ്ത അറബ് ഗായിക നവാല്‍ അല്‍ കുവൈത്തി എന്നിവരാണ് പൗരത്വം നഷ്ടമായ സെലിബ്രിറ്റികള്‍.

ദേശീയത അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റിയാണ് കഴിഞ്ഞ വ്യാഴാഴ്ച ഈ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ പൗരത്വം പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. നാടകരംഗത്തും ടെലിവിഷനിലും നല്‍കിയ സംഭാവനകള്‍ക്ക് പേരുകേട്ട വിനോദ വ്യവസായത്തിലെ പരക്കെ ആദരിക്കപ്പെടുന്ന വ്യക്തിയാണ് ദാവൂദ് ഹുസൈന്‍. ‘ക്ലാസിക് അറബിക് സംഗീതത്തിന്റെ രാജ്ഞി’യെന്ന് വിശേഷിപ്പിക്കപ്പെടുന്ന കലാകാരിയാണ് നവാല്‍ അല്‍-കുവൈത്തി. പൗരത്വം റദ്ദാക്കാനുള്ള തീരുമാനം മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!