Sports

പെർത്തിൽ ഇന്ത്യൻ വസന്തം; ഓസീസിനെ തകർത്തത് 295 റൺസിന്

പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഓസ്‌ട്രേലിയയെ 295 റൺസിനാണ് ഇന്ത്യ തകർത്തത്. വിജയലക്ഷ്യമായ 534 റൺസിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ നാലാം ദിനം 238 റൺസിന് ഓൾ ഔട്ടായി. രണ്ട് ഇന്നിംഗ്‌സിലുമായി എട്ട് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം.

12ന് 3 വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ നാലാം ദിനം ആരംഭിച്ചത്. സ്‌കോർ 17ൽ നിൽക്കെ അവർക്ക് ഉസ്മാൻ ഖവാജയെയും നഷ്ടമായി. സ്‌കോർ 79ൽ 17 റൺസെടുത്ത സ്മിത്തും പോയതോടെ ഓസീസ് 5ന് 79 റൺസ് എന്ന നിലയിലേക്ക് വീണു. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച ട്രാവിസ് ഹെഡും മിച്ചൽ മാർഷും കൂടി സ്‌കോർ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു

india

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് ഒരിക്കൽ കൂടി ഇന്ത്യക്ക് തലവേദനയാകുമെന്ന് കരുതിയതാണ്. എന്നാൽ സ്‌കോർ 161ൽ നിൽക്കെ ഹെഡിനെ ബുമ്ര പുറത്താക്കുകയായിരുന്നു. 101 പന്തിൽ 89 റൺസാണ് ട്രാവിസ് ഹെഡ് സ്വന്തമാക്കിയത്. സ്‌കോർ 182ൽ 47 റൺസെടുത്ത മിച്ചൽ മാർഷും പുറത്തായി

അലക്‌സ് ക്യാരി 36 റൺസിനും മിച്ചൽ സ്റ്റാർക്ക് 12 റൺസിനും നഥാൻ ലിയോൺ പൂജ്യത്തിനും പുറത്തായതോടെ പെർത്ത് ടെസ്റ്റിൽ ഇന്ത്യ വിജയഗാഥ രചിച്ചു. ഇന്ത്യക്കായി ബുമ്രയും സിറാജും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റെടുത്തു. നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി

perth test

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 150 റൺസാണ് എടുത്തത്. ഓസ്‌ട്രേലിയ മറുപടി ബാറ്റിംഗിൽ 104 റൺസിന് പുറത്തായി. ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 6ന് 487 റൺസെന്ന കൂറ്റൻ സ്‌കോറിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാൾ 161 റൺസും വിരാട് കോഹ്ലി 100 റൺസുമെടുത്തു. കെഎൽ രാഹുൽ 77 റൺസെടുത്തു. 534 റൺസിന്റെ വിജയലക്ഷ്യമാണ് ഓസീസിന് മുന്നിലുണ്ടായിരുന്നത്.

Related Articles

Back to top button