കുടിയേറ്റക്കാരെ നിരീക്ഷിക്കുന്ന എൻ.ജി.ഒ വിമാനം ഇറ്റലി തടഞ്ഞുവെച്ചു: മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

റോം: മെഡിറ്ററേനിയൻ കടലിൽ കുടിയേറ്റക്കാരെ നിരീക്ഷിക്കുന്ന ജർമ്മൻ സന്നദ്ധ സംഘടനയായ സീ-വാച്ചിന്റെ വിമാനം ഇറ്റലി തടഞ്ഞുവെച്ചു. വിമാനം പുതിയ നിയമങ്ങൾ ലംഘിച്ചുവെന്ന് ഇറ്റാലിയൻ നാഷണൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ENAC) അറിയിച്ചു. എന്നാൽ, ഇത് കുടിയേറ്റക്കാരുടെ മനുഷ്യാവകാശങ്ങൾ നിരീക്ഷിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള പുതിയൊരു തന്ത്രമാണെന്ന് സീ-വാച്ച് ആരോപിച്ചു.
പുതിയ നിയമങ്ങൾ പ്രകാരം, കടലിലെ ഏതെങ്കിലും അടിയന്തിര സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിൽ പൈലറ്റ് പരാജയപ്പെട്ടുവെന്ന് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചതിനെ തുടർന്നാണ് നടപടി. വിമാനം 20 ദിവസത്തേക്ക് തടഞ്ഞുവെച്ചതായും സീ-വാച്ച് വ്യക്തമാക്കി.
കുടിയേറ്റക്കാരെ രക്ഷപ്പെടുത്തുന്ന സന്നദ്ധ സംഘടനകൾക്കെതിരെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ കർശന നിലപാടാണ് സ്വീകരിച്ച് വരുന്നത്. ഇത്തരം സംഘടനകൾ മനുഷ്യക്കടത്തുകാരുമായി സഹകരിക്കുന്നുണ്ടെന്ന് മെലോണി സർക്കാർ നേരത്തെ ആരോപിച്ചിരുന്നു. പുതിയ നിയമങ്ങൾ കുടിയേറ്റക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്ന് സന്നദ്ധ സംഘടനകൾ പറയുന്നു. അതേസമയം, കാര്യക്ഷമമായ ഏകോപനം ഉറപ്പാക്കുന്നതിനും ദുരുപയോഗങ്ങൾ ഒഴിവാക്കുന്നതിനും ഈ നടപടികൾ അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.