ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ജോമോൻ; കാറിൽ വെച്ച് തന്നെ കൊല്ലപ്പെട്ടു

തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശിയും കാറ്ററിംഗ് കമ്പനി മുൻ ഉടമയുമായ ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ മാൻഹോളിൽ നിന്നും പുറത്തെടുത്തു. ഭിത്തിയടക്കം തുരന്ന് പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. വ്യാഴാഴ്ച രാവിലെ കാറിലാണ് ബിജുവിനെ പ്രതികൾ തട്ടിക്കൊണ്ടു പോയത്
കാറിൽ വെച്ച് തന്നെ ബിജു കൊല്ലപ്പെട്ടു. പത്ത് മണിയോടെ മൃതദേഹം ഗോഡൗണിൽ എത്തിച്ചു. ഒന്നാം പ്രതി ജോമോനാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇടുക്കി എസ് പി ടികെ വിഷ്ണു പ്രദീപ് പറഞ്ഞു. കേസിലാകെ നാല് പ്രതികളാണുള്ളത്
ജോമോൻ അടക്കം മൂന്ന് പേർ കസ്റ്റഡിയിലായിട്ടുണ്ട്. ഒരാൾ കാപ്പ നിയമപ്രകാരം ജയിലിലാണ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. ബിജുവും ജോമോനും തമ്മിൽ ഏറെ നാളായി പണത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു
ഇരുവരും പാർട്ണർഷിപ്പിൽ നേരത്തെ ബിസിനസ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ കേസുകളും ഇവർക്കിടയിലുണ്ട്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു.