കോഴിവണ്ടി മറിഞ്ഞു; ഓടികൂടിയവർ കോഴികൾക്ക് പിന്നാലെ: പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും തിരിഞ്ഞുനോക്കിയില്ല

ഉത്തർപ്രദേശിലെ കനൗജിൽ ആഗ്ര എക്സ്പ്രസ് വേയിൽ കോഴികളുമായി പോയ ലോറി മറിഞ്ഞ അപകടം. ഡ്രൈവർക്കും സഹായിക്കും അടക്കം അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ സംഭവത്തിൽ ട്വിസ്റ്റ് ഇതൊന്നുമല്ല. ലോറി മറിഞ്ഞതറിഞ്ഞ് ഓടികൂടിയവരെല്ലാം കോഴികളെ പിടികൂടാനാണ് തിരക്കുകൂട്ടിയത്. അപകടത്തിൽ പരിക്കേറ്റ് കിടന്ന ഡ്രൈവറെയും സഹായിയെയും രക്ഷിക്കാൻ ആരുംകൂട്ടാക്കിയില്ല.
https://x.com/ians_india/status/1890646863633633471
ട്രക്ക് മറിഞ്ഞതിന് പിന്നാലെ റോഡിലാകെ ചിതറിയ കോഴികളെ പരമാവധി കൈകലാക്കുക എന്നതായിരുന്ന ഓടികൂടിയവരുടെ ശ്രദ്ധ. ഇതിൻ്റെ വീഡിയോ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒടുവിൽ പ്രദേശത്ത് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അപകടത്തിൽ കാര്യമായ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും ഓടികൂടിയവരിൽ ആരുംതന്നെ തിരിഞ്ഞുനോക്കിയില്ല. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
പേലീസും ഉത്തർപ്രദേശ് എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോർട്ടുകൾ. ഓടികൂടിയവരിൽ കുറച്ചുപേർ വീഡിയോ ചിത്രീകരിക്കുന്നതിൻ്റെ തിരക്കിലുമായിരുന്നു. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തിൽ നടപടി സ്വീകരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അമേഠിൽ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ സലീമും സഹായി കലീമിനുമാണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞതെന്ന് അഡീഷണൽ എസ്പി അജയ് കുമാർ പറഞ്ഞു