ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ; നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതിൽ പ്രതികരണവുമായി കാന്തപുരം

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതിൽ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മനുഷ്യനെന്ന നിലയിലാണ് ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണമെന്നാണ് അവിടുത്തെ മതപണ്ഡിതരോട് ആവശ്യപ്പെട്ടത്. ദയാധനം സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്
യെമൻ ജനതക്ക് സ്വീകാര്യരായ മതപണ്ഡിതരെയാണ് താൻ ബന്ധപ്പെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു. ജൂലൈ 16 നാളെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നിർണായക ഇടപെടലുണ്ടായത്. ഇതോടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു. ദയാധനം സ്വീകരിച്ച് വധശിക്ഷ റദ്ദാക്കാന്നുതിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചർച്ചകൾ തുടരാൻ സമയം നീട്ടിക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് എല്ലാവരും
ആശ്വാസ വാർത്തയെന്നായിരുന്നു നിമിഷപ്രിയയുടെ ഭർത്താവ് ടോമിയുടെ പ്രതികരണം. ഇനിയും നിരവധി കാര്യങ്ങൾ നടക്കാനുണ്ട്. തലാലിന്റെ വീട്ടുകാരുമായി സംസാരിച്ചതിന് ശേഷം സംഭവത്തിൽ പൂർണത വരുമെന്ന് വിശ്വസിക്കുന്നതായും ടോമി പറഞ്ഞു
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പിന്തുണ നൽകി. നൂറ് ശതമാനം ആശ്വാസമാണ്. നിമിഷപ്രിയ എന്ന എന്റെ ഭാര്യയെ നാട്ടിലെത്തിച്ച് തരും എന്നതിൽ പൂർണവിശ്വാസമുണ്ട്. ചില കാര്യങ്ങളൊന്നും മറ്റുള്ളവർക്ക് അറിയില്ല. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ടെന്നും ടോമി പറഞ്ഞു
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച കാര്യം കേന്ദ്രസർക്കാരും സ്ഥിരീകരിച്ചിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ ഇടപെടലിന് പിന്നാലെയാണ് യെമനിൽ നിന്നും അനൂകൂല തീരുമാനം വന്നത്. അതേസമയം കൊല്ലപ്പെട്ട തലാലിന്റെ കുടുംബം വധശിക്ഷ മാറ്റിവെക്കുന്നതിനോട് യോജിച്ചിട്ടില്ലെന്നാണ് വിവരം.