കേരളാ ക്രിക്കറ്റ് ലീഗ്: 26.80 ലക്ഷം രൂപക്ക് സഞ്ജു കൊച്ചി ബ്ലൂ ടൈഗേഴ്‌സിൽ; നടന്നത് വാശിയേറിയ ലേലം വിളി

കേരളാ ക്രിക്കറ്റ് ലീഗം രണ്ടാം സീസൺ താരലേലത്തിൽ റെക്കോർഡുകൾ തിരുത്തി സഞ്ജു സാംസൺ. 26.80 ലക്ഷം രൂപക്ക് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. ഒരു ടീമിന് ആകെ പരമാവധി 50 ലക്ഷം രൂപ മാത്രമേ ചെലവാക്കാനാകൂ എന്നിരിക്കെയാണ് പകുതിയിലധികം തുക ചെലവിട്ട് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ എംഎസ് അഖിലായിരുന്നു ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്കായിരുന്നു അഖിലിനെ ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കിയത്. ഈ റെക്കോർഡാണ് സഞ്ജുവിന്റെ വരവോടെ കഥയായി മാറിയത്. സഞ്ജുവിന് വേണ്ടി വാശിയേറിയ ലേലം വിളിയാണ് നടന്നത്. തൃശ്ശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും സഞ്ജുവിനെ കിട്ടാൻ പരമാവധി ശ്രമിച്ചെങ്കലും ഒടുവിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കുകയായിരുന്നു.
എംഎസ് അഖിലിന് ഇത്തവണയും വലിയ വില കിട്ടി. 8.40 ലക്ഷം രൂപക്ക് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് അഖിലിനെ വിളിച്ചെടുത്തത്. ഓൾ റൗണ്ടർ വിനൂപ് മനോഹരൻ അടിസ്ഥാന വിലയായ മൂന്ന് ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സിൽ കളിക്കും. സിജോ മോൻ ജോസഫിനെ 5.20 ലക്ഷം രൂപക്ക് തൃശ്ശൂർ ടൈറ്റൻസ് സ്വന്തമാക്കി.