കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: ഫൈനൽ റൗണ്ടുകൾക്ക് മക്കയിൽ തുടക്കമായി

മക്ക: ഇരുഹറം കാര്യാലയങ്ങളുടെ മേൽനോട്ടത്തിൽ നടക്കുന്ന 45-ാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠമാക്കൽ, പാരായണ, വ്യാഖ്യാന മത്സരത്തിന്റെ ഫൈനൽ റൗണ്ടുകൾക്ക് തുടക്കമായി. സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഈ മത്സരത്തിന്റെ ഉദ്ഘാടനം ഇസ്ലാമികകാര്യ, ദഅവ, മാർഗനിർദേശ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുൽ ലത്തീഫ് അൽ അൽ ഷെയ്ഖ് നിർവഹിച്ചു.
മക്കയിലെ മസ്ജിദുൽ ഹറാമിലാണ് ആറ് ദിവസങ്ങളിലായി ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. 128 രാജ്യങ്ങളിൽ നിന്നുള്ള 179 മത്സരാർത്ഥികളാണ് ഈ വർഷം മാറ്റുരയ്ക്കുന്നത്. മത്സരത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്നത് ഇതാദ്യമാണ്.
വിശുദ്ധ ഖുർആനെ സേവിക്കുകയും അതിന്റെ മനഃപാഠമാക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നത് സൗദി അറേബ്യയുടെ മഹത്തായ പാരമ്പര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. രാജ്യം സ്ഥാപകൻ കിംഗ് അബ്ദുൽ അസീസ് മുതൽ കിംഗ് സൽമാൻ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരിലൂടെ ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ മത്സരത്തിൽ വിജയിക്കുന്നവർക്കായി 40 ലക്ഷം സൗദി റിയാലിലധികം സമ്മാനത്തുകയാണ് മാറ്റിവെച്ചിട്ടുള്ളത്. അതീവ സുതാര്യത ഉറപ്പാക്കിക്കൊണ്ടുള്ള വിധിനിർണ്ണയ പ്രക്രിയക്കായി സൗദി അറേബ്യ, മൊറോക്കോ, ഉഗാണ്ട, അൽബേനിയ എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച വിധികർത്താക്കളെയാണ് നിയോഗിച്ചിരിക്കുന്നത്.
മത്സരാർത്ഥികൾ, അവരുടെ ഒപ്പം വന്നവർ, ഹറമിലെ വിശ്വാസികൾ എന്നിവർ നിറഞ്ഞ സദസ്സിൽ അഞ്ചു വിഭാഗങ്ങളിലായി ഖുർആൻ പാരായണം ചെയ്തുകൊണ്ടാണ് മത്സരങ്ങൾക്ക് തുടക്കമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾക്ക് ഖുർആനിക വിജ്ഞാനത്തിന്റെ ഉന്നതിയിലേക്ക് എത്താൻ ഈ മത്സരം വഴിയൊരുക്കുന്നു.