കുറുപ്പുംപടി പീഡനം: കുട്ടികളെ പീഡിപ്പിക്കുന്നത് മാതാവിനും അറിയാമെന്ന് മൊഴി, കേസിൽ പ്രതി ചേർക്കും

എറണാകുളം കുറുപ്പുംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പീഡന വിവരം മാതാവിനും അറിയാമെന്ന് മൊഴി. മൂന്ന് മാസമായി പീഡന വിവരം കുട്ടികളുടെ മാതാവിനും അറിയാമെന്ന് പ്രതി ധനേഷ് പോലീസിന് മൊഴി നൽകി. ഇതോടെ കേസിൽ കുട്ടികളുടെ മാതാവിനെയും പ്രതി ചേർക്കും.
പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കൗൺസിലിംഗ് നൽകിയതായി ചൈൽഡ് വെൽഫയർ കമ്മിറ്റി ജില്ലാ ചെയർമാൻ പറഞ്ഞു. മൂന്ന് വർഷം മുൻപായിരുന്നു കുട്ടികളുടെ പിതാവ് മരണപ്പെട്ടത്. പിന്നീട് ടാക്സി ഡ്രൈവറായ ധനേഷുമായി കുട്ടികളുടെ മാതാവ് ബന്ധം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ് ഇയാൾ.
കുട്ടികളോട് സഹപാഠിളെ കൂട്ടി വീട്ടിലേക്ക് വരാൻ ധനേഷ് നിരന്തരം ആവശ്യപ്പെടാറുണ്ട്. സമ്മർദ്ദം താങ്ങാനാകാതെ വന്നപ്പോൾ ഇക്കാര്യങ്ങൾ വിവരിച്ച് കുട്ടികൾ സുഹൃത്തുക്കൾക്ക് കത്ത് എഴുതിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ കുറുപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു