എസ്എംഇ സംരംഭങ്ങളുടെ വിസയിലുള്ള പ്രവാസികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ വിസാ മാറ്റം അനുവദിക്കാന്‍ കുവൈറ്റ്
കുവൈറ്റ് സിറ്റി: എസ്എംഇ(ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍)കളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ വിസാ മാറ്റം അനുവദിക്കാന്‍ കുവൈറ്റ്. പ്രവാസി ജീവനക്കാര്‍ക്കും സംരംഭകര്‍ക്കും ഏറെ പ്രയോജനകരമാവുന്ന സുപ്രധാന തീരുമാനമാണ് കുവൈറ്റ് അധികൃതരില്‍നിന്നും ഉണ്ടായിരിക്കുന്നത്. തൊഴിലാളിയുടെ സ്പോണ്‍സറുടെ അനുമതിക്കും അംഗീകാരത്തിനും വിധേയമായിട്ടായിരിക്കും വിസാ മാറ്റമെന്നും അതോറിറ്റി അറിയിച്ചു.
ചെറുകിട, ഇടത്തരം ബിസിനസുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനാണ് വിസ ട്രാന്‍സ്ഫര്‍ നിയന്ത്രണങ്ങളില്‍ ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തല്‍. എസ്എംഇ പ്രോജക്ടുകള്‍ കുറവായതിനാലോ, അവരുടെ തൊഴിലാളികളെ പൂര്‍ണ്ണമായി വിനിയോഗിക്കാനുള്ള കഴിവില്ലാത്തതിനാലോ പല സംരംഭങ്ങളും കടുത്ത പ്രയാസം അനുഭവിക്കുന്നതും സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു.
വിസാ ട്രാന്‍സ്ഫര്‍ കാലയളവ് മൂന്നില്‍ നിന്ന് ഒരു വര്‍ഷമാക്കി ചുരുക്കിയതോടെ ബിസിനസുകള്‍ക്ക് തങ്ങളുടെ ജീവനക്കാരെ ആവശ്യത്തിന് അനുസരിച്ച് കൂട്ടുവാനും കുറക്കുവാനും സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം.
ഇത് ബിസിനസുകളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം വിപണി സാഹചര്യങ്ങളോടും തൊഴില്‍ ആവശ്യങ്ങളോടും പൊരുത്തപ്പെടാന്‍ ബിസിനസുകളെ പ്രാപ്തമാക്കുമെന്നും കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.