Kerala
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ചോദ്യം ചെയ്യലിന് ഹാജരായി

മഞ്ഞുമ്മൽ ബോയ്‌സ് സിനിമ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിർമാതാവും നടനുമായ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി. സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും മരട് പോലീസ് സ്‌റ്റേഷനിൽ ഹാജരായി.
നേരത്തെ രണ്ട് തവണ ഹാജരാകാൻ നിർദേശിച്ച് മൂന്ന് പേർക്കും നോട്ടീസ് നൽകിയെങ്കിലും ഇവർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു
വേണ്ടിവന്നാൽ നാളെയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ വാങ്ങിയിട്ടും പണം നൽകാതെ വഞ്ചിച്ചെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ എന്നയാളാണ് പരാതി നൽകിയത്.