Gulf

2025ല്‍ യുഎഇയില്‍ തൊഴിലവസരവും ശമ്പളവും വര്‍ധിക്കുമെന്ന് മെര്‍സര്‍ സര്‍വേ

ദുബൈ: തൊഴില്‍ അന്വേഷകര്‍ക്കും നിലവില്‍ ജോലിയിലുള്ളവര്‍ക്കും സന്തോഷം നല്‍കുന്ന ഒരു സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. എഐ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വന്‍ സാധ്യതയും ശമ്പള വര്‍ധനയുമാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഉപഭോക്തൃ ഉല്‍പന്ന വ്യവസായത്തിലെ കമ്പനികള്‍ ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധനവാണ് അടുത്ത വര്‍ഷത്തേക്ക് പ്രവചിക്കുന്നത്.

നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, ഉത്പാദനം, ഊര്‍ജം, സാമ്പത്തിക സേവനങ്ങള്‍, എന്‍ജിനീയറിങ്, റീട്ടെയില്‍, മൊത്തവ്യാപാരം, സേവനങ്ങള്‍, ലൈഫ് സയന്‍സസ്, ടെക്‌നോളജി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉടനീളം യുഎഇയിലെ 700ലധികം കമ്പനികളെ ഉള്‍പ്പെടുത്തി മെര്‍സര്‍ തയ്യാറാക്കിയ വാര്‍ഷിക പ്രതിഫല സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2025ല്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വരിക ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളെയായിരിക്കും. നിലവില്‍ മിഡില്‍ ഈസ്റ്റില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രൊഫഷനലുകളെ നിയമിക്കുന്നത് യുഎഇയാണ്. യുഎഇയിലെ 74 ശതമാനം ആളുകളും ആഴ്ചയില്‍ ഒരിക്കല്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. മെര്‍സറിന്റെ ഗ്ലോബല്‍ ടാലന്റ് ട്രെന്‍ഡുകള്‍ പ്രകാരം മികച്ച തൊഴിലവസരങ്ങളാണ് ഈ മേഖലയിലെ പ്രതിഭകളെ കാത്തിരിക്കുന്നത്.

ഉപഭോക്തൃ ഉല്‍പന്ന വ്യവസായത്തില്‍ 4.5 ശതമാനം ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുമ്പോള്‍ ലൈഫ് സയന്‍സസ് ആന്‍ഡ് ടെക്‌നോളജി വ്യവസായങ്ങള്‍ യഥാക്രമം 4.2 ശതമാനവും 4.1 ശതമാനവും വര്‍ധനവ് പ്രതീക്ഷിക്കുന്നു. അതേസമയം ഊര്‍ജ്ജ, സാമ്പത്തിക സേവന മേഖലകളില്‍ 4 ശതമാനം ശമ്പള വര്‍ധനവാണ് കണക്കാക്കുന്നത്.

Related Articles

Back to top button