ഖത്തറില്‍ തവണ വ്യവസ്ഥയില്‍ വാഹനം വില്‍ക്കുന്നതിന് വ്യവസായ മന്ത്രാലയത്തിന്റെ പുതിയ നിബന്ധനകള്‍
ദോഹ: കാര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് തവണ വ്യവസ്ഥയില്‍ വാഹനം വില്‍ക്കുന്നതിന് ഖത്തര്‍ വ്യവസായ-വാണിജ്യ മന്ത്രാലയം പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. വ്യക്തികള്‍ക്ക് വാഹനം വില്‍ക്കുന്ന ഡീലര്‍മാരെ ലക്ഷ്യമിട്ടാണ് നിബന്ധനകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സര്‍ക്കുലര്‍ കമ്പനികള്‍ക്ക് അയച്ചതാതായും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവരുന്നതെന്നും മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
തങ്ങളുടെ ഉപഭോക്താവിന്റെ സാമ്പത്തിക നില അറിയാന്‍ ഖത്തര്‍ ക്രഡിറ്റ് ബ്യൂറോയില്‍നിന്നുള്ള ക്രഡിറ്റ് റിപ്പോര്‍ട്ട് നേടിയിരിക്കണം, ഉപഭോക്താവിന്റെ അടിസ്ഥാന ശമ്പളവും അയാള്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും കൃത്യമായി അറിയാന്‍ ഉപഭോക്താവിന്റെ തൊഴിലുടമയില്‍നിന്നും സാലറി സര്‍ട്ടിഫിക്കറ്റ് വാങ്ങണം, ഉപഭോക്താവിന്റെ ബാധ്യതകളുമായി ബന്ധപ്പെട്ട് ബാങ്കില്‍നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം തുടങ്ങിയ നിബന്ധനകളാണ് വ്യവസായ-വാണിജ്യ മന്ത്രാലയം ഡീലര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സര്‍ക്കുലര്‍ ലഭിച്ച തീയതിക്കുശേഷം ഒരു മാസത്തിനകം കമ്പനികള്‍ സര്‍ക്കാര്‍ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ഖത്തര്‍ ക്രെഡിറ്റ് ബ്യൂറോയില്‍ അംഗത്വമെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് നേടുന്നതിനാണ് ഈ നിബന്ധന. ക്രെഡിറ്റ് ബ്യൂറോയുമായി സഹകരിച്ച് സേവനങ്ങള്‍ സംബന്ധിച്ച കൃത്യമായ പരസ്യങ്ങള്‍ എല്ലാ കാര്‍ വില്‍പന കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.