National

പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് മോദി

ടിയാൻജിൻ (ചൈന): ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) ഉച്ചകോടിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചില രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഭീകരവാദം ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ലെന്നും, അത് മാനുഷികതയ്ക്കും ലോകസമാധാനത്തിനും വലിയ വെല്ലുവിളിയാണെന്നും മോദി പറഞ്ഞു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ പരാമർശിച്ചുകൊണ്ടാണ് മോദി പാകിസ്താനെ പരോക്ഷമായി വിമർശിച്ചത്. “ചില രാജ്യങ്ങൾ ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്നത് നമുക്ക് അംഗീകരിക്കാൻ കഴിയുമോ?” എന്ന് അദ്ദേഹം ചോദിച്ചു. ഭീകരവാദത്തോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും, ഭീകരവാദത്തെ എല്ലാ രൂപത്തിലും നിറത്തിലും ഒറ്റക്കെട്ടായി എതിർക്കേണ്ടത് മനുഷ്യരാശിയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

“സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ ഏതൊരു രാജ്യത്തിന്റെയും വികസനത്തിന് അനിവാര്യമാണ്. എന്നാൽ ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവ ഈ പാതയിലെ വലിയ വെല്ലുവിളികളാണ്. ഭീകരവാദം ഒരു രാജ്യത്തിന് മാത്രമുള്ള സുരക്ഷാ ഭീഷണിയല്ല, മറിച്ച് മുഴുവൻ മനുഷ്യരാശിക്കും ഉള്ള വെല്ലുവിളിയാണ്,” മോദി കൂട്ടിച്ചേർത്തു.

നേരത്തെയും വിവിധ അന്താരാഷ്ട്ര വേദികളിൽ മോദി പാകിസ്താനെതിരെ ഭീകരവാദത്തെക്കുറിച്ചുള്ള കടുത്ത നിലപാടുകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഒരു പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഇത്രയും ശക്തമായ നിലപാടെടുക്കുന്നത് ആദ്യമായിട്ടാണ്. മോദിയുടെ പ്രസംഗം രാജ്യാന്തരതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!