മോദി പോളണ്ടിലേക്ക്; 45 വർഷത്തിനിടെ പോളണ്ടിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് പുറപ്പെട്ടു. 45 വർഷത്തിനിടെ ആ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1979ൽ മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നത് ശ്രദ്ധേയമായി.
‘വാഴ്സോയിലേക്ക് പുറപ്പെടുന്നു. പോളണ്ടുമായുള്ള നമ്മുടെ നയതന്ത്രബന്ധം 70 വർഷം പൂർത്തിയാകുന്ന പ്രത്യേക വേളയിലാണ് സന്ദർശനം. പോളണ്ടുമായുള്ള ദീർഘകാല ബന്ധത്തിൽ ഇന്ത്യ സന്തോഷിക്കുന്നു. ജനാധിപത്യം, ബഹുസ്വരത എന്നിവയാൽ ഊട്ടിയുറപ്പിച്ച ബന്ധമാണത്. പോളണ്ട് പ്രസിഡന്റ് ആൻഡർസെജ് ദുദ, പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
വാഴ്സോയിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി 23ന് മോദി യുക്രൈനിലേക്ക് തിരിക്കും. കീവിൽ യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തും.