നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനത്തിന് ഒരുങ്ങുന്നു; ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തേക്ക് വരുന്നത് 43 വര്‍ഷത്തിന് ശേഷം
കുവൈറ്റ് സിറ്റി: കുവൈറ്റ് സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കേ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുവൈറ്റിലെ ഭരണകൂടവും ഇന്ത്യന്‍ പ്രവാസി സമൂഹവും. നീണ്ട 43 വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ മാസം കുവൈറ്റ് സന്ദര്‍ശനത്തിന് എത്തുന്നതെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
1981ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കുവൈറ്റില്‍ വന്നുപോയതില്‍പിന്നെ ഇതുവരേയും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റിലേക്ക് എത്തിയിട്ടില്ല. കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമദ് അല്‍ സബാഹ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരുമായും കുവൈറ്റിലെ വാണിജ്യ വ്യവസായ പ്രമുഖരുമായെല്ലാം മോദി കൂടിക്കാഴ്ച നടത്തും. ഒപ്പം ലേബര്‍ ക്യാംപുകളും സന്ദര്‍ശിക്കും. ഹവല്ലി ഗവര്‍ണറേറ്റിലെ ബൊളിവാര്‍ഡ് ഇന്റോര്‍ സ്‌റ്റേഡിയത്തിലാലും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക.
കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെത്തിയ കുവൈറ്റ് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അല്‍ യഹ്‌യയുടെ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈറ്റിലേക്ക് വരാന്‍ ഒരുങ്ങുന്നത്. സെപ്റ്റംബറിലെ ന്യൂയോര്‍ക്ക് സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദിയും കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.