ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാന്‍ നാസ ഒരുങ്ങുന്നു; താണ്ടേണ്ടത് 40.2 കോടി കിലോമീറ്റര്‍
വാഷിംഗ്ടണ്‍: ഭൂമിയില്‍നിന്നും 40.2 കോടി കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാന്‍ നാസ(നാഷ്ണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് ഏജന്‍സി) ഒരുങ്ങുന്നു. ഏകദേശം ആറു മുതല്‍ ഏഴ് മാസംവരെ യാത്ര ചെയ്താല്‍ മാത്രമേ ബഹിരാകാശ യാത്രികര്‍ക്ക് ചൊവ്വയിലെത്താനാവൂ. 2035ഓടെ മനുഷ്യനെ നമ്മുടെ ഏറ്റവും അടുത്ത ഗ്രഹമായ ചെവ്വയിലേക്ക് എത്തിക്കാനാണ് നാസയുടെ ശ്രമം.
ദൗത്യത്തെക്കുറിച്ച് പദ്ധതി തയ്യാറാക്കാനായി വിദഗ്ധ സംഘത്തിന് നാസ രൂപം നല്‍കിയിട്ടുണ്ട്. ഹ്യൂമന്‍ എക്സ്പ്ലോറേഷന്‍ ഓഫ് മാര്‍സ് സയന്‍സ് അനാലിസിസ് ഗ്രൂപ്പ് എന്നാണ് സംഘത്തെ വിശേഷിപ്പിക്കുന്നത്. നാസയുടെ ആര്‍ട്ടെമിസ് പരിപാടിയുടെ ഭാഗമായാണ് ചുവന്ന ഗ്രഹത്തെ അടുത്തറിയാനും ജീവന്റെ സ്പന്ദനം തെരയാനും നാസ ലക്ഷ്യമിടുന്നത്.
മനവ ചരിത്രത്തിലെ പുരോഗതിയുടെ കുതിച്ചു ചാട്ടമായി വിലയിരുത്തപ്പെടുന്ന ചൊവ്വ യാത്രയില്‍ ഏതാണ്ട് 500 ഓളം ദിവസം യാത്രാസംഘം അവിടെ ഗവേഷണ നിരീക്ഷണങ്ങള്‍ക്കായി തങ്ങുമെന്നാണ് നാസ വ്യക്തമാക്കുന്നത്.
ചൊവ്വയില്‍ ജീവന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്നതാവും ശാസ്ത്രജ്ഞരടങ്ങുന്ന സംഘം പ്രധാനമായും പരിശോധിക്കുക.
മനുഷ്യവാസം സാധ്യമാവുന്ന ഘടകങ്ങളുടെ സാന്നിധ്യം എത്രമാത്രം ഉണ്ടെന്നതും പഠന വിധേയമാക്കും.
അമേരിക്കന്‍ വ്യവസായിയായ എലോണ്‍ മാസ്‌ക് ഉള്‍പ്പെടെയുള്ളവര്‍, മനുഷ്യര്‍ അടുത്ത് തന്നെ ചൊവ്വയില്‍ കോളനികള്‍ സ്ഥാപിക്കുമെന്ന് അഭിപ്രായം പ്രകടിപ്പിക്കുന്നതിനിടെയാണ് ആ ലക്ഷ്യത്തിന് ഊര്‍ജം പകരുന്ന നാസയുടെ നീക്കം.