ദേശീയ ദിനം: ദര്‍ബ് അല്‍ സായിയില്‍ വന്‍ സന്ദര്‍ശന പ്രവാഹം
ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ പ്രധാന വേദിയായ ഉം സലാലിലെ ദര്‍ബ് അല്‍ സായിയില്‍ വ്ന്‍ സന്ദര്‍ശന പ്രവാഹം. 10 ദിവസത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെയാണ് ആളുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയത്. ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹിമാന്‍ ബിന്‍ ഹമദ് അല്‍താനിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞ ദിവസം ദേശീയ പതാകയായ അല്‍ അദാം ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തെ പൗര•ാരും പ്രവാസി സമൂഹവുമെല്ലാം നിറഞ്ഞ ആവേശത്തോടെയാണ് ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടികളില്‍ പങ്കാളികളായത്.
ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി 11 വരെയാണ് പ്രവേശന സമയം ക്രമീകരിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്കായി വിനോദത്തിനും വിശ്രമത്തിനും ഭക്ഷണത്തിനുമെല്ലാമുള്ള വിപുലമായ സൗകര്യങ്ങളാണ് ദേശീയ ദിനാഘോഷത്തിന് മാത്രമായി നിര്‍മിച്ച ദര്‍ബ് അല്‍ സായിയില്‍ ഒരുക്കിയിരിക്കുന്നത്.
വാളുമായുള്ള ഖത്തരികളുടെ പരമ്പരാഗത നൃത്തവും ദേശീയ ഗാനാലാപനവുമെല്ലാം ഉദ്ഘാടന പരിപാടികള്‍ക്ക് കൊഴുപ്പേകിയിരുന്നു. 15 പ്രധാനപ്പെട്ട പരിപാടികളും 104 ഇതര പരിപാടികളുമാണ് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ഈ മാസം 18ന് സമാപിക്കുന്ന വിധത്തിലാണ് പരിപാടികളെല്ലാം സജ്ജീകരിച്ചിരിക്കുന്നത്.
ഖത്തറിന്റെ സംസ്‌കാരം അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് സഹായകമാവുന്ന രീതിയില്‍ ഖത്തറിലെ പരമ്പരാഗത വീട്, കലാ വീഥി, മക്തര്‍, മരുഭൂ മ്യൂസിയം, തിയറ്റര്‍ എന്നിവക്കൊപ്പം സാംസ്‌കാരിക ജീവിതത്തിന്റേയും വിദ്യാഭ്യാസ രംഗത്തേയും കാഴ്ചകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.