ഇന്ത്യയിൽ സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാണിട്ട് മെറ്റ; ആറുമാസത്തിനിടെ നീക്കിയത് 54.39 ലക്ഷം കണ്ടന്റുകൾ
ന്യൂഡൽഹി: ഇന്ത്യയിൽ പ്രാദേശിക നിയമങ്ങളുടെയും സർക്കാർ-കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നത് വൻതോതിൽ വർധിച്ചു. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസത്തിനിടെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 54.39 ലക്ഷം പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കുമാണ് ‘മെറ്റ’ നിയന്ത്രണമേർപ്പെടുത്തിയത്. തൊട്ടുമുൻപുള്ള ആറു മാസക്കാലയളവിൽ ഇത് വെറും 41,400 ആയിരുന്നു. അതായത്, ഇന്ത്യയിലെ ഉള്ളടക്ക നിയന്ത്രണങ്ങളിൽ 13,000 ശതമാനത്തിലധികം വർധനവാണുണ്ടായത്.
സമാനമായ രീതിയിൽ, ഇന്ത്യൻ അധികൃതരിൽ നിന്നും കോടതികളിൽ നിന്നുമായി ഗൂഗിളിന് ലഭിച്ച ഉള്ളടക്കം നീക്കം ചെയ്യാനുള്ള അപേക്ഷകളിൽ 61 ശതമാനത്തിലധികം വർധനവുണ്ടായി. 2,483 ൽ നിന്ന് 4,006 അപേക്ഷകളായാണ് ഇത് ഉയർന്നത്. ഗൂഗിൾ സേവനങ്ങളായ സെർച്ച്, യൂട്യൂബ് എന്നിവയിൽ നിന്നായി 65,091 ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനാണ് അധികൃതർ ആവശ്യപ്പെട്ടത്.
ഓൺലൈൻ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഈയിടെ കർശനമാക്കിയിരുന്നു. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ‘സഹയോഗ്’ പോർട്ടൽ വഴിയുള്ള നടപടികൾ വ്യാപകമാക്കിയതിന് പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്. മെറ്റയുടെ സുതാര്യതാ റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഉള്ളടക്ക നിയന്ത്രണങ്ങൾ 2.7% കുറഞ്ഞപ്പോഴാണ് ഇന്ത്യയിൽ ഇത്രയധികം വർധനവുണ്ടായത്. ആഗോളതലത്തിൽ മെറ്റ നിയന്ത്രിച്ച 2.71 കോടി ഉള്ളടക്കങ്ങളിൽ 20 ശതമാനത്തിലധികവും ഇന്ത്യയിലാണ്. ശരാശരി ഓരോ ദിവസവും 30,000-ത്തിലധികം അഥവാ ഓരോ മൂന്ന് സെക്കൻഡിലും ഒരു പോസ്റ്റോ അക്കൗണ്ടോ ഇന്ത്യയിൽ നിയന്ത്രിക്കപ്പെടുന്നു.
മെറ്റ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഫെയ്സ്ബുക്ക് നിയന്ത്രിച്ച പോസ്റ്റുകൾ 23,000-ൽ നിന്ന് 28.02 ലക്ഷമായി ഉയർന്നു. 11,182 പ്രൊഫൈലുകൾക്കും നിയന്ത്രണമേർപ്പെടുത്തിയെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നിയന്ത്രിച്ച ഉള്ളടക്കങ്ങൾ 10,500-ൽ നിന്ന് 26 ലക്ഷത്തിലധികമായി. 12,989 അക്കൗണ്ടുകൾക്കും പൂട്ടുവീണു.
കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ (I4C), സംസ്ഥാന പൊലീസ് ഏജൻസികൾ എന്നിവരുടെ നിർദേശപ്രകാരമാണ് മെറ്റയുടെ നടപടികൾ. ഐടി നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരമാണ് I4C നോട്ടീസുകൾ നൽകിയത്.
ഗൂഗിളിന് ലഭിച്ച 4,006 അപേക്ഷകളിൽ 2,870 എണ്ണവും പൊലീസ് ഏജൻസികളിൽ നിന്നാണ്. മുൻവർഷത്തെ അപേക്ഷിച്ച് പൊലീസ് അപേക്ഷകളിൽ 184% വർധനവുണ്ടായി. ആഗോളതലത്തിൽ റഷ്യയ്ക്കും ദക്ഷിണ കൊറിയയ്ക്കും പിന്നിലായി ഗൂഗിളിന് ഏറ്റവും കൂടുതൽ അപേക്ഷകൾ നൽകിയത് ഇന്ത്യൻ പൊലീസാണ്. പൊലീസ് നിർദേശപ്രകാരം ഗൂഗിൾ നീക്കം ചെയ്ത ഉള്ളടക്കങ്ങളുടെ എണ്ണം 1,008-ൽ നിന്ന് 8,321 ആയി (725% വർധന) കുതിച്ചുയർന്നു.
ഗൂഗിളിൽ നിന്നും കണ്ടൻ്റുകൾ നീക്കം ചെയ്യാനുള്ള പ്രധാന കാരണങ്ങൾ അവർ വ്യക്തമാക്കിയിട്ടുണ്ട്. അപകീർത്തിപ്പെടുത്തൽ (Defamation) ചൂണ്ടിക്കാണിച്ച് 2,130 അപേക്ഷകളാണ് ഗൂഗിളിന് ലഭിച്ചത്. മുൻവർഷം ഇത് 850 ആയിരുന്നു. കോടതി ഉത്തരവുകൾ പ്രകാരം 695 അപേക്ഷകളാണ് ലഭിച്ചത്. മുൻവർഷം ഇത് 588 ആയിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ലഭിച്ചത് 210 അപേക്ഷകളാണ്. മുൻവർഷം ഇത് 181 ആയിരുന്നു. സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് 74 അപേക്ഷകളാണ് ലഭിച്ചതെന്നാണ് ഗൂഗിളിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻവർഷം ഇത് 18 ആയിരുന്നു.
ഗൂഗിൾ സേവനങ്ങളിൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഉള്ളടക്കങ്ങളിൽ 92 ശതമാനവും (59,779 എണ്ണം) യൂട്യൂബിലാണ്. പ്രാദേശിക നിയമപ്രകാരം ഗൂഗിൾ ആകെ നീക്കം ചെയ്ത 19,883 ഉള്ളടക്കങ്ങളിൽ 17,700 എണ്ണവും യൂട്യൂബ് വീഡിയോകളാണ്. 2026ൽ അഞ്ച് മാസത്തിനിടെ ‘സഹയോഗ്’ പോർട്ടൽ വഴി 2.98 ലക്ഷം യുആർഎല്ലുകൾ നീക്കം ചെയ്യാൻ നിർദേശിച്ചതായി കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗം: സി.പി.എം നേതൃത്വം ഇടപെടണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

നിക്ഷേപകരുടെ കടുത്ത എതിർപ്പ്; ടാറ്റ–എപിഎൽ അപ്പോളോ ഇടപാടിൽ മാറ്റങ്ങൾ പരിഗണിക്കുന്നു

ഓസ്ട്രേലിയയുടെ സോഷ്യൽ മീഡിയ നിയമത്തിനെതിരെ ട്രംപ് ഭരണകൂടം; അഭിപ്രായ സ്വാതന്ത്ര്യത്തിന് തിരിച്ചടിയെന്ന് വിമർശനം

അമേരിക്കയിൽ ഇംഗ്ലീഷ് ഫുട്ബോൾ താരം വെടിയേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങളുടെ പരമ്പര
