കുതിരപ്പുറത്തേറി ശൈഖ് മുഹമ്മദിനെ സല്യൂട്ട് ചെയ്ത് സ്വദേശി വനിത; വൈറലായി വീഡിയോ
ദുബൈ: ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ് ഫാത്തിമ അല്‍ അമരി എന്ന സ്വദേശി വനിത. ഫാത്തിമയുടെ കുതിരപ്പുറത്ത് നിന്നുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ അഭിവാദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി അബുദാബിയിലെ അല്‍ വഹ്ദയില്‍ നടന്ന യൂണിയന്‍ മാര്‍ച്ചിലായിരുന്നു ഫാത്തിമ അല്‍ അമിരി ഓടുന്ന കുതിരപ്പുറത്ത് നിന്നുകൊണ്ട് ശൈഖ് മുഹമ്മദിനെ അഭിവാദ്യം ചെയ്ത് താരമായത്. ഓടുന്ന കുതിരക്കും ഓട്ടകത്തിനുമെല്ലാം മുകളില്‍ നിന്ന് ഇത്തരത്തില്‍ പ്രകടനം നടത്തുകയെന്നത് അസമാന്യമായ ധൈര്യവും മെയ്‌വഴക്കങ്ങളുമെല്ലാം ആവശ്യമായ പ്രവര്‍ത്തിയാണ്. ഇതുകൊണ്ടുതന്നെയാണ് ഈ വീഡിയോകളും ചിത്രങ്ങളും അറബ് നാടുകള്‍ മാത്രമല്ല, ലോകം മുഴുവന്‍ ഏറ്റെടുത്തത്.
കൊവിഡിന് ശേഷമാണ് പുതിയൊരു ഹോബി കണ്ടെത്തുന്നതിന്റെ ഭാഗമായി കുതിര സവാരിയിലേക്ക് ഇറങ്ങിയതെന്ന് 32 കാരിയായ ഫാത്തിമ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വളരെ പെട്ടെന്ന് ആ വിനോദം തനിക്ക് ഒരു വികാരമായി മാറുകയായിരുന്നു. ആദ്യം ഒരു വിനോദമെന്ന രീതിയിലായിരുന്നു സമീപിച്ചത്. നിരവധി വെല്ലുവിളികളെ നേരിടാന്‍ ആരംഭിച്ചതോടെയാണ് ദൃഢപ്രതിജ്ഞയുമായി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്.
യൂണിയന്‍ മാര്‍ച്ചില്‍ അണിനിരക്കാന്‍ സാധിച്ചത് തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണെന്നും തന്റെ ഗുരുവും പിതാവുമായി കണക്കാക്കുന്ന എമിറേറ്റിന്റെ ഇക്വസ്ട്രിയന്‍ എന്ന അപരനാമത്തില്‍ അറിയിപ്പെടുന്ന മികച്ച കുതിരസവാരിക്കാരനായ ശൈഖ് മുഹമ്മദിന് മുന്നില്‍ പ്രകടനം നടത്താന്‍ ലഭിച്ച അവസരം മഹാഭാഗ്യമാണെന്നും ഫാത്തിമ പ്രതികരിച്ചിരുന്നു.