ബിസിനസ് തുടങ്ങുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ അബുദാബിയില്‍ പുതിയ വകുപ്പ്

അബുദാബി: എമിറേറ്റില്‍ ബിസിനസ് തുടങ്ങുന്നത് എളുപ്പമാക്കാന്‍ നാലു പുതിയ പദ്ധതികളും തന്ത്രങ്ങളും ആവിഷ്‌കരിച്ച് അബുദാബി. ഇതിന്റെ ഭാഗമായി പുതിയ ഒരു വകുപ്പ് തന്നെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഭരണാധികാരികള്‍. എളുപ്പത്തിലും വേഗത്തിലും ബിസിനസ് തുടങ്ങാന്‍ സാധിക്കുന്നതിനായാണ് പുതിയ നീക്കം. അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലീദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അബുദാബി രജിസ്‌ട്രേഷന്‍ അതോറിറ്റിയെന്നു പേരിട്ടിരിക്കുന്ന പുതിയ വകുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബിസിനസ് തുടങ്ങുന്നതിന് ഊര്‍ജംപകരാന്‍ ലക്ഷ്യമിട്ടാണ് അബുദാബി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റിന്റെ ഭാഗമായി പുതിയ വകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. പുതിയ അതോറിറ്റിയായിരിക്കും ബിസിനസ് റെജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവയുടെ ചുമതല വഹിക്കുക. അബുദാബിയുടെ മെയിന്‍ലാന്റിലും ഇക്കണോമിക് ഫ്രീ സോണുകളിലും ഇതിന് കീഴിലാവും യുഎഇയുടെ നിയമപ്രകാരവും രാജ്യാന്തര ചട്ടങ്ങള്‍ പ്രകാരവും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനാവുക. പ്രാദേശികമായുള്ള ഉല്‍പാദനത്തിനും പുത്തന്‍ സാങ്കേതികവിദ്യയിലെ പ്രതിവിധികള്‍ക്കുമായി പുതിയ വ്യവസായ മേഖലയും സ്ഥാപിക്കുന്നുണ്ട്.