റെയിൽവേക്ക് പുതിയ ടൈം ടേബിൾ: മലബാർ, ഏറനാട്, വേണാട്, പാലരുവി ട്രെയിനുകളുടെ സമയം മാറും
രാജ്യത്തെ ട്രെയിൻ സർവീസുകളുടെ പുതിയ സമയക്രമം ഇന്ന് മുതൽ മാറും. സംസ്ഥാനത്തും ട്രെയിനുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. മലബാർ, വഞ്ചിനാട്, വേണാട്, പാലരുവി, ഏറനാട് തുടങ്ങിയ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. കൂടാതെ നിരവധി ട്രെയിനുകളുടെ വേഗം വർധിപ്പിക്കും
മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂടും. എറണാകുളത്ത് പുലർച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ് രാവിലെ 5.25ന് പകരം 5.20ന് പുറപ്പെടും. ഏറ്റുമാനൂർ മുതൽ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളിൽ നേരത്തെയെത്തും
ചെന്നൈ-ഗുരുവായൂർ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂടും. രാവിലെ 9.45ന് പകരം 10.20ന് ആകും ട്രെയിൻ ചെന്നൈയിൽ നിന്ന് പുറപ്പെടുക. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് 4.50ന് പകരം 4.35നാകും കൊല്ലത്ത് നിന്ന് പുറപ്പെടുക. തിരുനെൽവേലി മുതൽ എറണാകുളം നോർത്ത് വരെയുള്ള സ്‌റ്റേഷനുകളിൽ ട്രെയിൻ നേരത്തെയെത്തും.
തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.35ന് പകരം 3.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലം-തിരുവനന്തപുരം പാസഞ്ചർ 6.58ന് ആകും പുറപ്പെടുക. എറണാകുളം-കൊല്ലം മെമു രാവിലെ 10ന് പകരം 9.50ന് കൊല്ലത്ത് നിന്ന് പുറപ്പെടും.