പീഡന വാർത്ത അടിസ്ഥാന രഹിതം; നിയമപരമായി നേരിടും: നിവിൻ പോളി
കൊച്ചി: തനിക്കെതിരായ പീഡന പരാതി വ്യാജമെന്ന് നടഡൻ നിവിൻ പോളി. തനിക്ക് അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ല. കണ്ടിട്ട് പോലുമില്ല. നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണെന്നും നിവിൻ പോളി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏതു തരം അന്വേഷണത്തിനും താൻ തയാറാണെന്നും ശാസ്ത്രീയ പരിശോധനയ്ക്കു പോലും തയാറാണ്. ഇതിന്‍റെ പുറകിൽ പ്രവർത്തിച്ചവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ട് വരാൻ ഞാൻ ഏതറ്റം വരെയും പോകുന്നതായിരിക്കും. വാർത്തകൾ നൽകുന്നതിൽ കുഴപ്പമില്ല. പക്ഷേ എല്ലാം നൽകണം. എനിക്കും കുടുംബമുള്ളതാണ്. ഇതിന് പിന്നിൽ ഒരു സ്ത്രീ മാത്രമേ ഉള്ളോ മറ്റാരെങ്കിലുമുണ്ടോ എന്നറിയില്ല. ഗൂഡാലോചന സംശയിക്കുന്നുണ്ട്. ഞാൻ ഇവിടെ തന്നെ ഉണ്ടാവും. എങ്ങോട്ടും ഓടി ഒളിക്കില്ല. ഇവിടെ തന്നെ ഉണ്ടാവും. എഫ്ഐആറിൽ പറഞ്ഞിരിക്കുന്ന എല്ലാവരെയും അറിയില്ല.
ഒന്നര മാസം മുൻപ് ഒരു കേസ് ഉണ്ടെന്ന് പറഞ്ഞ് പൊലീസ് വിളിപ്പിച്ചിരുന്നു. അന്ന് പീഡനാരോപണം ഉണ്ടായിരുന്നില്ല. അന്ന് അത് ഫെയ്ക്കാണെന്ന് കണ്ടെത്തി പൊലീസ് കേസ് അവസാനിപ്പിച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് ഒരു പരാതി ഉയരുന്നത്. നിയമപരമായി തന്നെ പോരാടി ജയിക്കും. എല്ലാവർക്കും ഈ നാട്ടിൽ ജീവിക്കണം. കുടുംബം ഒപ്പം നിന്നു. വ്യാജ ആരോപണം തുടർന്നാൽ അത് എല്ലാവരെയും ബാധിക്കും”- നിവിൻ പോളി പറഞ്ഞു.