ദുബൈയില്‍ 20 കോടി ദിര്‍ഹത്തിന്റെ വീട് സ്വന്തമാക്കി നെയ്മര്‍ ജൂനിയര്‍
ദുബൈ: ബിന്‍ഘാട്ടി പ്രോപ്പര്‍ട്ടീസിന്റെ അത്യാഢംബര പാര്‍പ്പിട സമുച്ചയമായ ബുഗാട്ടി റെസിഡന്‍സസിയില്‍ 20 കോടി ദിര്‍ഹം(ഏകദേശം 455 കോടി രൂപ) വിലമതിക്കുന്ന വീട് വാങ്ങി വാര്‍ത്തയില്‍ ഇടംപിടിച്ച് ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ ജൂനിയര്‍. ദുബൈയിലെ ഏറ്റവും സവിശേഷവും ഉയര്‍ന്ന ഡിമാന്‍ഡുള്ളതുമായ വസതികളില്‍ ഒന്നെന്ന നിലയില്‍, ബിസിനസ് ബേയുടെ ആദ്യത്തെ ഫ്രഞ്ച് റിവിയേര പ്രചോദിതമായ സ്വകാര്യ ബീച്ചാണ് ബുഗാട്ടി റെസിഡന്‍സസ് അവതരിപ്പിക്കുന്നത്.
അള്‍ട്രാ ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്റ്റില്‍ അഭിമാനകരമായ നിരവധി സവിശേഷതകളും സൗകര്യങ്ങളും ഉണ്ട്. ദുബൈയുടെ റിയല്‍ എസ്റ്റേറ്റ് രംഗത്തിന് ഊര്‍ജം പകരുന്ന നടപടിയായി വീട് വാങ്ങള്‍ മാറിയിരിക്കുകയാണ്. ലോകത്ത് ബുഗാട്ടി ബ്രാന്‍ഡിങ്ങില്‍ ഉയര്‍ന്ന ആദ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതിയിലാണ് നെയ്മര്‍ ആഡംബര വസതി സ്വന്തമാക്കിയിരിക്കുന്നത്. ബുഗാട്ടി റെസിഡന്‍സസ് പദ്ധതി ആരംഭിച്ചതിന് ശേഷം, ദുബൈയിലെ ഏറ്റവും ഉയര്‍ന്ന ഇടപാട് വിലകളില്‍ ഒന്നായാണ് നെയ്മറിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം വിശേഷിപ്പിക്കപ്പെടുന്നത്.
ഡൗണ്‍ടൗണ്‍ ദുബൈയുടെ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന സ്വകാര്യ സ്വിമ്മിങ് പൂള്‍, കാറുകള്‍ ഉള്‍പ്പെടെ കൊണ്ടുപോകാവുന്ന സ്വകാര്യ എലവേറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളും സവിശേഷതകളും അടങ്ങിയതാണ് നെയ്മര്‍ ജൂനിയറിന്റെ ആഡംബര വസതി. പദ്ധതിയുടെ ഭാഗമായ സ്‌കൈ മാന്‍ഷന്‍ കളക്ഷനിലാണ് നെയ്മറുടെ വീടുള്ളത്.
ലോക പ്രശസ്ത സെലിബ്രിറ്റികളെയും ബിസിനസ് പ്രമുഖരെയും ലക്ഷ്യമാക്കിയുള്ളതാണ് ബുഗാട്ടിയുടെ പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതി. വീടുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ആഗോള സെലിബ്രിറ്റികളുടെയും ഉയര്‍ന്ന മൂല്യമുള്ള വ്യക്തികളുടെയും വര്‍ധനവ്, ആഡംബര ജീവിതത്തിന്റെ നിലവാരം പുനര്‍ നിര്‍വചിക്കാന്‍ പോന്ന ലോകത്തിലെ ഏറ്റവും എക്‌സ്‌ക്ലൂസീവ് വസതികളില്‍ ഒന്നെന്ന ബുഗാട്ടി റെസിഡന്‍സസിന്റെ ഖ്യാതി വര്‍ധിപ്പിക്കുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നത്.