Kerala

പെരുമ്പാവൂരിലെ കുപ്രസിദ്ധ മയക്കുമരുന്ന് ഡീലർ റോബിൻ ഭായ് പിടിയിൽ : കണ്ടെടുത്തത് ഒൻപത് കിലോ കഞ്ചാവ്

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ വൻകഞ്ചാവ് വേട്ട. ഒൻപത് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് റായ്പൂർ സ്വദേശി റബീൻ മണ്ഡൽനെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്നാണ് പിടികൂടിയത്. മുറിയിലെ രഹസ്യ അറകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്ന് ശൃംഖലയിലെ പെരുമ്പാവൂരിലെ മുഖ്യ കണ്ണിയാണ് ഇയാൾ.

കോളേജ് വിദ്യാർത്ഥികളും മലയാളികളായ യുവാക്കളും അന്യസംസ്ഥാന തൊഴിലാളികളും ഇയാളുടെ കസ്റ്റമേഴ്സ് ആയിരുന്നു. ചെറിയ പാക്കറ്റിന് 500 രൂപ നിരക്കിൽ വിൽപ്പന നടത്തിവരികയായിരുന്നു. റോബിൻ ഭായ് എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഒഡീഷയിൽ നിന്നാണ് ഇയാൾക്ക് കഞ്ചാവ് ലഭിച്ചിരുന്നത്.

കഞ്ചാവ് വിൽപ്പന നടത്തിയ പതിനായിരം രൂപയും കണ്ടെടുത്തു. ഒരു വർഷം മുമ്പാണ് ഇയാൾ കേരളത്തിൽ എത്തിയത്. ആദ്യം തിരുവനന്തപുരത്ത് എത്തിയ ഇയാൾ പിന്നീട് പെരുമ്പാവൂരിൽ എത്തി താമസമാക്കുകയായിരുന്നു. ഭായ് കോളനിയിൽ ഹോട്ടൽ ജോലി ചെയ്തയാൾ പിന്നീട് കഞ്ചാവ് കച്ചവടത്തിൽ ഏർപ്പെടുകയായിരുന്നു.

പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ് എം തോമസ്, ‘പി.എം റാസിഖ്, ശിവപ്രസാദ്, എൻ.പി ശശി, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് വേണാട്ട് , ബെന്നി ഐസക്ക്, ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button
error: Content is protected !!