ദേവനന്ദ: ഭാഗം 16

ദേവനന്ദ: ഭാഗം 16

എഴുത്തുകാരി: ടീന കൊട്ടാരക്കര


അത്താഴത്തിനു ശേഷം പഠിക്കാനായി നന്ദ മുറിയിലെത്തി. ബുക്സ് തുറന്നു വെച്ചിട്ട് അവൾ മറ്റെന്തോ ആലോചിച്ചു ഇരുന്നു. മനസ്സിൽ നിറയെ ദേവേട്ടൻ ആണ്. ദേവേട്ടൻ തന്ന ചുംബനത്തിന്റെ ആലസ്യം ഇതുവരെയും വിട്ടുമാറിയിട്ടില്ല. നന്ദയുടെ ബുക്കിന്റെ പേജുകളിൽ ദേവന്റെ പേര് എഴുതി നിറഞ്ഞു. പ്രണയം ഒരാളെ എത്രത്തോളം ഭ്രാന്തമാക്കും എന്നവൾ ചിന്തിച്ചു. ” എ മാൻ ഇൻ ലവ് ഈസ്‌ റിഡിക്കുലസ് ടു വാച് “എവിടെയോ കേട്ട വാചകങ്ങൾ അവൾക്ക് ഓർമ വന്നു. എത്ര ശെരിയായ കാര്യമാണെന്ന് നന്ദ ചിന്തിച്ചു.
എന്തൊക്കെയോ ഓർമകളിൽ നിന്നപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നതവൾ കേട്ടത്. പൊടുന്നനെ ബുക്സ് എല്ലാം മടക്കിവെച്ചിട്ട് അവൾ ബാഗ് തുറന്നു മൊബൈൽ ഫോൺ പുറത്തെടുത്തു. ഫോണിന്റെ ഡിസ്‌പ്ലേയിൽ ‘ദേവൻ കോളിങ് ‘ എന്ന് എഴുതികാണിച്ചു. നന്ദയുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു. അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പാക്കി അവൾ കോൾ എടുതു.

“ഹലോ ” ദേവന്റെ ഗാംഭീര്യമുള്ള ശബ്ദം അവളുടെ കാതിൽ മുഴങ്ങി.

“ഹലോ ” നന്ദ പതിയെ പറഞ്ഞു

“നന്ദ… കേൾക്കുന്നുണ്ടോ ”

“ഉണ്ട് ”

“ഞാൻ റൂമിലെത്തി, ഫ്രണ്ട്സ് വന്നു എയർപോർട്ടിൽ നിന്നും പിക് ചെയ്തു. ”

“എപ്പോഴാ എത്തിയത് ”

“8:30 ആയപ്പോ ഫ്ലൈറ്റ് ലാൻഡ് ചെയ്തു. പിന്നെ ക്ലിയറൻസ് കഴിഞ്ഞു റൂമിലെത്തിയപ്പോൾ 9:30 കഴിഞ്ഞു. ഒന്ന് കുളിച്ചു ഫ്രഷ് ആയതേ ഉള്ളു ”

“എന്തെങ്കിലും കഴിച്ചോ ദേവേട്ടാ ”

“ഇല്ല, കഴിക്കാൻ പോവാ, നീ കഴിച്ചോ ”

“മം കഴിച്ചു. ”

“എന്താ നിനക്കൊരു വിഷമം പോലെ ” ദേവൻ ചോദിച്ചു

” ഒന്നുല്ല.. ദേവേട്ടൻ പെട്ടന്ന് അകലത്തു ആയില്ലേ.. അതിന്റെയൊരു വേദന ” ശബ്ദം ഇടറുന്നത് അവൾ അറിഞ്ഞു

“വേദന എനിക്കല്ലേ.. കഴുത്തിൽ മാന്തി പൊളിച്ചിട്ട്.. എനിക്ക് ഇപ്പഴും നീറുവാ ” ദേവൻ ഉറക്കെ ചിരിച്ചു. നന്ദയുടെ ചുണ്ടിലും നാണം കലർന്ന ചിരി പടർന്നു

“നന്ദൂട്ടി, ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ.. എനിക്ക് എപ്പഴും നിന്നോട് സംസാരിക്കൻ പറ്റിയെന്നു വരില്ല.. ഓക്കേ. യു ഷുഡ് ബി എ സ്ട്രോങ്ങ്‌ ഗേൾ.. നന്നായി പഠിക്കുക ”

“ഓർമയുണ്ട് ദേവേട്ടാ..”

“മം ശെരി.. ഞാൻ പിന്നെ വിളികാം, ഫ്രണ്ട്സ് അടുത്തുണ്ട്. ”

“മം ”

“ബൈ ”

കോൾ കട്ട് ചെയ്ത് തിരിഞ്ഞ് നോക്കിയതും വാതിൽക്കൽ ആതിര നിൽക്കുന്നു. താൻ സംസാരിച്ചതൊക്കെ അവൾ കെട്ടുകാണുമോയെന്നു നന്ദ ഭയപ്പെട്ടു.

“നീ ആരോഡാ സംസാരിച്ചത് ” ആതിര ചോദിച്ചു

നന്ദ ഒന്നും മിണ്ടാതെ നിന്നു

“നിനക്ക് എവിടുന്നാ ഫോൺ ”

ആതിര അവൾക്കു അടുത്തേക്ക് വന്നു ഫോൺ പിടിച്ചു വാങ്ങാൻ ശ്രെമിച്ചു. നന്ദ പെട്ടന്ന് പിറകിലേക്ക് മാറി ഫോൺ മാറ്റിപിടിച്ചു.

“ചേച്ചിക്ക് എന്താ ഇപ്പോ വേണ്ടത് ” നന്ദ തെല്ലു ദേഷ്യത്തോടെ ചോദിച്ചു.

“നീ ആരോടാ രഹസ്യമായി സംസാരിച്ചതെന്ന് ഞാനൊന്ന് അറിയട്ടെ, ”

ആതിര വീണ്ടും അവളുടെ കയ്യിൽ പിടുത്തമിട്ടു. നന്ദ കൈ കുതറാൻ നോക്കിയെങ്കിലും ആതിര ബലമായി കയ്യിൽ പിടുത്തമിട്ടു ഫോൺ വാങ്ങി.

“എന്താ ഇവിടെ ” അങ്ങോട്ടേക്ക് കടന്നു വന്ന ദേവകിയമ്മ രണ്ടു പേരോടും ചോദിച്ചു.

” മുത്തശ്ശി ഇത് കണ്ടോ, ഇവളുടെ കയ്യിലൊരു ഫോൺ, ഇത് ഇവൾക്ക് എവിടുന്നു കിട്ടി… ഞാൻ നോക്കുമ്പോ ഇവൾ ഇവിടെ പതുങ്ങി നിന്നു ആരോടോ സംസാരിക്കുവാ ”

ഫോൺ മുത്തശ്ശിയുടെ നേർക്കു നീട്ടികൊണ്ട് ആതിര പറഞ്ഞു. ദേവകിയമ്മ നന്ദയെ നോക്കി. അവൾ കുറ്റവാളിയെ പോലെ തല താഴ്ത്തി നിന്നു

“നമ്മൾ ആരും അറിയാതെ രഹസ്യമായി ഇവൾ ആരോടാ സംസാരിച്ചതെന്ന് അറിയാനാ ഞാൻ ഇത് പിടിച്ചു വാങ്ങിയത് ” ആതിര വിജയഭാവത്തിൽ മുത്തശ്ശിയോട് പറഞ്ഞു. നന്ദ അപ്പോഴും തല താഴ്ത്തി നിൽക്കുകയാണ്. ദേവകിയമ്മ ആ ഫോൺ വാങ്ങി നോക്കി.

“ഈ ഫോൺ ഞാനാ നന്ദയ്ക്ക് വാങ്ങികൊടുത്തത് ” ദേവകിയമ്മ പറഞ്ഞു

നന്ദ ഞെട്ടലോടെ മുത്തശ്ശിയെ നോക്കി. ആതിരയും അമ്പരന്നു പോയി.

” മുത്തശ്ശി… മുത്തശ്ശി ആണോ…..” ആതിര വിശ്വാസം വരാതെ അവരോട് ചോദിച്ചു.

” അതേ, ഞാൻ വാങ്ങിനല്കിയതാ ഇത് ”

“എന്തിനാ ഇവൾക്ക് കൊടുത്തത് ”

“അവൾ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയല്ലേ, അത്യാവശ്യത്തിനു ഒരു ഫോൺ പോലും ഇല്ല.. അതാ ഇപ്പോ വാങ്ങിയത് ” ദേവകിയമ്മ നിസ്സാരമായി പറഞ്ഞു.

“അപ്പോൾ ഇവളാരോടാ സംസാരിച്ചത് ” ആതിര സംശയത്തോടെ ചോദിച്ചു.

“അത് ആരായാലും നിനക്കെന്താ ആതിരേ, നീ ആരോടൊക്കെ ഫോണിൽ സംസാരിക്കുന്നുവെന്ന് നന്ദ അന്വേഷിക്കാറുണ്ടോ. പല നേരത്തും, അസമയത്തും നീ ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ. ഞാൻ ചോദിക്കാറുണ്ടോ “? ദേവകിയമ്മയുടെ ചോദ്യത്തിൽ ആതിര പതറിപ്പോയി. ഇനിയൊന്നും മുത്തശ്ശിയോട് പറഞ്ഞിട്ട് കാര്യമില്ലെന്നു മനസിലാക്കി. നന്ദയെ തറപ്പിച്ചൊരു നോട്ടം നോക്കി അവൾ തിരികെ പോയി.

വാതിൽ അകത്തുനിന്ന് അടച്ചതിനു ശേഷം ദേവകിയമ്മ നന്ദയെ അടുത്തേക്ക് വിളിച്ചു.

“നിനക്ക് എവിടുന്നാ ഫോൺ ”

“അത്… ദേവേട്ടൻ തന്നതാ ” അവൾ വിക്കി വിക്കി പറഞ്ഞു.

“ദേവനോ? ” മുത്തശ്ശി നന്ദയെ നോക്കി

“അതേ.. ഇപ്പോ സംസാരിച്ചതും ദേവേട്ടനോടാ ”

നന്ദ ഇതുവരെ നടന്ന കാര്യങ്ങളെല്ലാം മുത്തശ്ശിയോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞിട്ട് അവർ അത്ഭുതത്തോടെ നന്ദയെ നോക്കിയിരുന്നു.

“ഇത്രയൊക്കെ കാര്യങ്ങൾ ഇവിടെ നടന്നല്ലേ..അത് ശെരി.. ! അപ്പൊ ഞാൻ അറിയാതെ സാവിത്രിയും ശേഖരനും അച്യുതനും രാഘവനും കൂടി പലതും അങ്ങ് തീരുമാനിച്ചല്ലേ.. കല്യാണം നടത്താനും തറവാട് വിൽക്കാനും എല്ലാം അവർ സ്വന്തമായി തീരുമാനം എടുത്തല്ലോ ” ദേവകിയമ്മയുടെ മുഖത്തു ദേഷ്യം നിറഞ്ഞു

“ഞാനും പല കാര്യങ്ങളും അറിഞ്ഞിട്ടില്ല മുത്തശ്ശി, അന്ന് ദേവേട്ടൻ മുൻകൈ എടുത്തത് കൊണ്ട് ഇതറിഞ്ഞു.. ഇല്ലെങ്കിൽ പലരുടെയും കള്ളങ്ങൾ വിശ്വസിച്ചു ഞങ്ങൾ കഴിഞ്ഞേനെ ” നന്ദ മുത്തശ്ശിയോട് ചേർന്നിരുന്നു പറഞ്ഞു.

“വെറുതെയല്ല അതിരയ്ക്കു നിന്നോട് ഒരു ദേഷ്യം.. അവൾ മോഹിക്കുന്ന ആളുടെ അവകാശി നീയല്ലേ ” മുത്തശ്ശി നന്ദയുടെ തലയിൽ തലോടി പറഞ്ഞു.

” ദേവനെ നിനക്ക് പറഞ്ഞു വെച്ചത് വേറെയാരുമല്ല, സാവിത്രിയ. എന്നിട്ട് അവൾ തന്നെ മാറ്റിപ്പറയുകയോ. അത് കൊള്ളാം, ഇപ്പൊ അവൾക് സമ്പത്തും പണവും ഉള്ള മരുമകളെ മതിയല്ലേ.. അവരുടെയെല്ലാം കണക്കുകൂട്ടലുകൾ നടക്കുമോന്നു ഞാനൊന്ന് നോക്കട്ടെ..എനിക്ക് നിന്റെയും ദേവന്റെയും മനസ് അറിഞ്ഞാൽ മതി.. അവരുടെ ആരുടേയും സമ്മതം ഇല്ലെങ്കിലും ഞാൻ നടത്തും ഈ കല്യാണം.

മുത്തശ്ശി ഉറപ്പോടെ പറഞ്ഞു. നന്ദയുടെ മനസിൽ സന്തോഷവും അതിലുപരി ആശ്വാസവും നിറഞ്ഞു.

****************************

പിറ്റേന്നു രാവിലെ തന്നെ കൈപമംഗലത്തെ കുടുംബവക്കീൽ തറവാട്ടിലെത്തി. പതിവില്ലാതെയൊരു വരവ് കണ്ടു തറവാട്ടിൽ എല്ലാർക്കും സംശയം തോന്നി. ശേഖരൻ വക്കീലിനോട് ചോദിച്ചപ്പോൾ ദേവകി അമ്മ ഇങ്ങോട്ട് വരാൻ പറഞ്ഞെന്നും എന്തിനാണെന്ന് അറിയില്ലെന്നും അയാൾ മറുപടി നൽകി.

അച്യുതൻ ചെന്നു അമ്മയെ വിളിച്ചുകൊണ്ടു വന്നു. തറവാട്ടിൽ എല്ലാവരും കാര്യമറിയാൻ അവരുടെ ചുറ്റുമായി കൂടി നിന്നു. ദേവകിയമ്മ വന്നു കസേരയിൽ ഇരുന്നു എല്ലാവരെയും ഒന്ന് നോക്കിയതിനു ശേഷം സംസാരം ആരംഭിച്ചു.” മക്കളും മരുമക്കളും ചെറുമക്കളും ഉണ്ടല്ലോ.. എങ്കിൽ പറയാൻ ഉള്ള കാര്യം അങ്ങ് പറയാം ”

“വക്കീലേ… ഞാൻ രാവിലെ തന്നെ വിളിപ്പിച്ചത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനാ ”

“ദേവകിയമ്മ പറഞ്ഞോളൂ, ” അയാൾ ബഹുമാനപൂർവ്വം പറഞ്ഞു

” അതായത്, എന്റെ വിൽപത്രം ഒന്നു മാറ്റിയെഴുതണം. ”

എല്ലാവരും ഒന്ന് ഞെട്ടി പരസ്പരം നോക്കി. വിൽപത്രം മാറ്റിയെഴുതുകയോ, അവരുടെയെല്ലാം മനസിലൂടെ പല ചിന്തകൾ പാഞ്ഞു.

“നമ്മൾ അതൊരിക്കൽ എഴുതി തയ്യാറാക്കിയതല്ലേ.. പെട്ടന്ന് ഇപ്പോ എന്താ ഒരു മാറ്റം ” വക്കീൽ ചോദിച്ചു.

” അന്നത്തെ സാഹചര്യം അല്ലല്ലോ വക്കീലേ ഇപ്പോൾ ഉള്ളത്.. എന്തായാലും ഒരു മാറ്റം വരുത്തണം ” ദേവകിയമ്മ ചില ആലോചനകൾക്കു ശേഷം മറുപടി നൽകി

“എന്താ അമ്മേ പെട്ടന്ന് ഇങ്ങനെ ” ശേഖരൻ ചോദിച്ചു

“വിൽപത്രം മാറ്റിയെഴുതാൻ മാത്രം എന്താ ഇപ്പോ ഉണ്ടായത് ” രാഘവനാണ് ചോദിച്ചത്

“ഒന്നും ഉണ്ടായിട്ടല്ല.. സ്വത്ത്‌ മക്കൾ എല്ലാവർക്കുമായി തുല്യമായി ഭാഗം വെച്ചിട്ടുണ്ട് . എന്റെ പേരിൽ ഇനിയും കുറച്ചു വസ്തുവകകളും, ഈ തറവാടും ഉണ്ട്. അതെല്ലാം എന്റെ മരണശേഷം മക്കൾ 5 പേർക്കും കൂടി തരികയും ചെയ്യും.. അതാണ്‌ വിൽപത്രത്തിൽ ഉള്ളത്.. അതിൽ അല്പസ്വല്പം മാറ്റം വരുത്തണം.. എന്ന് വെച്ചു മക്കളിൽ ഒരാളെപ്പോലും ഒഴിവാകുന്നില്ല ”

“പിന്നെയെന്ത് മാറ്റം വരുത്താന അമ്മേ ” രാഘവൻ ക്ഷമ നശിച്ചു ചോദിച്ചു.

“അതായത്, വിൽപത്രത്തിൽ ഉൾപ്പെടുത്തിയത് കിഴക്കേപ്പാടം, വയലിനക്കരെയുള്ള രണ്ടേക്കർ സ്ഥലം, നമ്മുടെ ബസുകൾ, അമ്പലത്തിനു അടുത്തുള്ള സ്ഥലം എന്നിവയാണ്. ഇതെല്ലാം എന്റെ മരണശേഷം മക്കൾക്ക്‌ തുല്യമായി വീതം വെക്കാം എന്നായിരുന്നു. എന്നാൽ അത് പോരാ.. നിങ്ങൾക്കെല്ലാം ഇപ്പോ ഇതിന്റെ നാലിരട്ടി സ്വത്ത്‌ ഉണ്ട്.. നിങ്ങൾ മക്കൾ നിങ്ങളുടെ അദ്ധ്വാനം കൊണ്ട് സമ്പാദിച്ചു. പക്ഷെ പേരിനൊരു വീട് പോലും ഇല്ലാത്തത് എന്റെ മാധവനു ആണ്.”

ദേവകിയമ്മ ഒന്ന് നിർത്തി എല്ലാവരുടെയും മുഖഭാവം ശ്രെദ്ധിച്ചു.. പലരുടെയും മുഖം വലിഞ്ഞു മുറുകുന്നത് അവർ കണ്ടു.

“അത്കൊണ്ട് മക്കളേ, എന്റെ പേരിലുള്ള ബാക്കി സ്വത്തുകളിൽ നേർപകുതി മാധവനും ബാക്കി നേർപകുതി നിങ്ങൾ നാലു മക്കൾക്കുമായി വീതിച്ചു തരാമെന്ന ഞാൻ ചിന്തിക്കുന്നത് ”

“അതു നടക്കില്ല, ” ശേഖരൻ കോപത്തോടെ പറഞ്ഞു

“എന്ത് കൊണ്ട് നടക്കില്ല ” ദേവകിയമ്മ ശാന്തമായി ചോദിച്ചു

“അതെന്ത ന്യായമാ അമ്മേ.. ബാക്കിയുള്ള സ്വത്തുക്കൾ മക്കൾ എല്ലാർക്കും തുല്യമായി വേണ്ടേ നൽകാൻ ” അച്യുതൻ ചോദിച്ചു

“പന്തിപക്ഷം പാടില്ല, മക്കൾ 5 പേർക്കും ഒരുപോലെ കൊടുത്താൽ അതിലൊരു ന്യായം ഉണ്ട് ” രാഘവനും പറഞ്ഞു.

“ന്യായവും അന്യായവും എന്താണെന്ന് എനിക്ക് നന്നായി അറിയാം, എന്റെ മക്കളെക്കാൾ അധികമായി ” ദേവകിയമ്മ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

“എന്താ അമ്മേ ഇത്, വെറുതെ ഒരു തർക്കം ഉണ്ടാകേണ്ട, എനിക്ക്.. എനിക്കൊന്നും വേണ്ട അമ്മേ സ്വത്തും വസ്തുവും ” മാധവൻ പെട്ടന്ന് ഇടപെട്ടു.

“നിനക്ക് വേണ്ടന്നു പറഞ്ഞാലും തരേണ്ടുന്ന ബാധ്യത എനിക്കുണ്ട്. കാരണം ഇന്ന് എന്റെ ബാക്കി മക്കൾ അനുഭവിക്കുന്ന സന്തോഷങ്ങളും എന്റെ പേരിൽ അവശേഷിക്കുന്ന സ്വത്തും നേടി തന്നത് നീയാ മാധവ..അങ്ങനെയുള്ള നിനക്കിപ്പോ സ്വന്തമായി ഒരു വീട് പോലും ഇല്ല. അപ്പോൾ നിന്റെ സാഹചര്യവും മറ്റുള്ള മക്കളുടെ സാഹചര്യങ്ങളും തുലനം ചെയ്ത് നോക്കിയപ്പോൾ നിനക്കാണ് കൂടുതൽ നൽകേണ്ടതെന്ന് അമ്മയ്ക്കു തോന്നി ”

“വീട് ഇല്ലാത്ത പ്രശ്നം ആണെങ്കിൽ നമുക്ക് എല്ലാർക്കും കൂടി ഒരു വീടുവെച്ചു മാധവേട്ടന് കൊടുക്കാം. അത് പോരെ ” ശേഖരൻ അമ്മയെ അനുനയിപ്പിക്കാൻ ശ്രെമിച്ചു.
ദേവകിയമ്മ ഒന്നു ചിരിച്ചുകൊണ്ട് എല്ലാവരെയും നോക്കി.

“അതിനു നിങ്ങൾ ആരും ബുദ്ധിമുട്ടേണ്ട.. ഈ തറവാട് ഞാൻ മാധവന്റെ പേരിൽ എഴുതി കൊടുക്കാൻ പോകുവാ ” ദേവകിയമ്മയുടെ വാക്കുകൾ ഒരു നിമിഷം അവിടെ നിശബ്ദ സൃഷ്ടിച്ചു… (തുടരും )

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 11

ദേവനന്ദ: ഭാഗം 12

ദേവനന്ദ: ഭാഗം 13

ദേവനന്ദ: ഭാഗം 14

ദേവനന്ദ: ഭാഗം 15

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story