ഋതുസാഗരം: ഭാഗം 14

ഋതുസാഗരം: ഭാഗം 14

എഴുത്തുകാരി: മിഴി വർണ്ണ

ദിവസങ്ങൾ പിന്നെയും കടന്നു പോയി…കോളേജിൽ ഓണഘോഷം തകൃതിയായി നടക്കുന്നു. അത്തപ്പൂക്കളവും, ഉഞ്ഞാലാട്ടവും, പുലികളിയും, മത്സരങ്ങളും എന്നു വേണ്ട ഒരു ബഹളം തന്നെ… ഋതുവും കൂട്ടുകാരും ആകട്ടെ എല്ലാ ഡിപ്പാർട്മെന്റുകളിലെയും അത്തം കാണുന്ന തിരക്കിൽ ആയിരുന്നു. കൂട്ടത്തിൽ ഒരാൾ മാത്രം ഫോണിൽ സംസാരിച്ചു കൊണ്ടാണ് നടപ്പ്… സ്വാഭാവികമായും അതു ചഞ്ചലയായിരുന്നു. ഒത്തിരിനാളത്തെ കാത്തിരുപ്പിനു ഒടുവിൽ പ്രണയം പൂത്തുലയുമ്പോൾ മിക്കവരും കൂടുതൽ സമയവും താൻ സ്നേഹിക്കുന്ന ആളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല.

“ഡി…ബികോമിലെ അത്തം സൂപ്പർ ആയിട്ട് ഉണ്ടല്ലേ..മിക്കവാറും ഈ തവണയും ഫസ്റ്റ് അവർ കൊണ്ടു പോകും?? ”

“നീ പറഞ്ഞത് ശരിയാ കരുണേ… കഴിഞ്ഞ വർഷത്തേക്കാളും ഭംഗി ഉണ്ട്‌ ഈ തവണത്തെ അത്തം കാണാൻ… അതു എങ്ങനെയാ എന്തിനും ഏതിനും സഗാറേട്ടൻ ഓടി നടക്കുവല്ലേ!! അതിന്റെ ഗുണം കാണാതിരിക്കോ?? ”

വർണ്ണ പറഞ്ഞതിനോട് എല്ലാരും യോജിച്ചു…കാരണം കോളേജിന്റെ എല്ലാ കാര്യത്തിനും മുന്നിൽ നിൽക്കുന്ന ആളു സ്വന്തം ഡിപ്പാർട്മെന്റിനു വേണ്ടി എത്രത്തോളം കഷ്‌ടപ്പെടും എന്നു ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ.

“എന്താ ഋതു…. നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത്??? എന്താ സുഖം ഇല്ലേ.”

ചഞ്ചലയുടെ ചോദ്യത്തിന് ഒരു തണുത്ത പുഞ്ചിരിയായിരുന്നു ഋതു മറുപടിയായി നൽകിയത്… രാവിലെ വീട്ടിന്നു ഇറങ്ങിയപ്പോൾ മുതൽ അവൾക്ക് ഒരു വയ്യായിക തോന്നിയത് ആയിരുന്നു. പക്ഷെ താൻ വന്നില്ല എങ്കിൽ കൂട്ടുകാരികൾ വിഷമിക്കുമല്ലോ എന്നോർത്തു അതവൾ കാര്യമാക്കിയില്ല…പക്ഷേ ഇപ്പോൾ എന്തോ വല്ലാത്ത ക്ഷീണവും കുളിരും ഒക്കെ തോന്നുന്നു. മിക്കവാറും ഇന്നു വീട്ടിൽ ചെന്നു ഒരാഴ്ച്ച പനിച്ചു കിടക്കാൻ ആകും എന്നു അവൾക്കും തോന്നിയിരുന്നു…എങ്കിലും കൂട്ടുകാരെ വെറുതെ ടെൻഷൻ ആകണ്ട എന്നു കരുതി ഋതു കള്ളം പറഞ്ഞു.

“ഒന്നും ഇല്ല പിള്ളേരെ…. വെയിൽ ഒക്കെ കൊണ്ടു ഒത്തിരി നേരമായിട്ടു നടക്കുവല്ലേ…അതിന്റെ ക്ഷീണം ആണ്…ബാക്കി ഉള്ളത് നിങ്ങൾ പോയി കണ്ടിട്ട് വാ. ഞാൻ ഇവിടെ മരത്തിന്റെ ചുവട്ടിൽ ഇരിക്കാം. ”

“എന്നാൽ ഞങ്ങളും ഇവിടെ ഇരിക്കാം… അല്ലാണ്ട് നീ ഒറ്റയ്ക്ക് ഇരിക്കാൻ ഒന്നും ഞങ്ങൾ സമ്മതിക്കില്ല. ”

“അയ്യോ….എന്റെ കൈയിൽ നിന്നു മേടിക്കും എല്ലായെണ്ണവും… ബാക്കി എല്ലാ അത്തത്തിന്റെ ഫോട്ടോയും എനിക്ക് എടുത്തിട്ട് വന്നു കാണിക്കണം…ഓടിക്കോ വേഗം.”

“ഋതു…. ഞാൻ ഇവിടെ ഇരിക്കാം… എനിക്ക് ഇതിൽ ഒന്നും വലിയ താല്പര്യം ഇല്ല. ”

“ആഹ് ബെസ്റ്റ്…. നിന്നെ ആണേൽ ഒന്നു വഴക്ക് പറഞ്ഞു നന്നാക്കാൻ പോലും പറ്റില്ലല്ലോ…അപ്പോൾ കരച്ചിൽ തുടങ്ങും. ഒരു കാര്യം ചെയ്യാം;വർണ്ണ ഇവിടെ ഇരിക്കട്ടെ നിങ്ങൾ പോയിട്ട് വാ.”

ഒരു വിധം ബാക്കിയുള്ളവരെ ഋതു പറഞ്ഞു വിട്ടു. വർണ്ണ അവളുടെ നെറ്റിൽ തൊട്ടു നോക്കി.

“നിനക്ക് പനിക്കുന്നുണ്ടല്ലോ ഋതു… അതു എങ്ങനെയാ ഇത്ര ഭംഗിയായി ഒരുങ്ങി എങ്ങും പോകല്ലെന്ന് അമ്മയും അച്ഛനും ഒന്നും പറഞ്ഞാൽ കേക്കില്ലല്ലോ… കണ്ണേറു തട്ടും പെണ്ണേ.”

“ഓഹ് തുടങ്ങി….ഇതാണ് നിന്നെ കൂടെ ഇരുത്തിയാൽ ഉള്ള കുഴപ്പം….കണ്ണേറും കാതേറും ജാതകവും ഒന്നും ഇല്ല… പിന്നെ ഇതു ഒരു സാധാരണ പനിയാണ്…ഒരു ചുക്കുകാപ്പി കുടിച്ചാൽ ഇതങ്ങു മാറും. പക്ഷേ ഈ തവണ ചുക്ക്കാപ്പി അമ്മ ഇട്ടു തരേണ്ടി വരും എന്നു ഓർക്കുമ്പോൾ ആണ് ഒരു സങ്കടം.”

“അതെന്താ…. നിന്റെ അപ്പച്ചി എവിടെ പോയി??”

“അപ്പച്ചിയും അമ്മാവനും സാരുവും കൂടി അമ്മാവന്റെ തറവാട്ട് വീട്ടിൽ പോയേക്കുവാ… അവിടെ എന്തോ പൂജ ഉണ്ട്‌. രണ്ടീസം കഴിഞ്ഞേ വരൂ.”

“നിന്റെ ചെക്കൻ പോയില്ലേ അപ്പോൾ?? ”

“അതിനു ആ കാണ്ടമൃഗം നിരീശ്വരവാദി അല്ലേ….”

ഉത്തരം പറഞ്ഞു കഴിഞ്ഞാണ് വർണ്ണ എന്താണ് ചോദിച്ചത് എന്ന് ഋതു കൃത്യമായി ഓർത്തത്.

“നീ എന്താ ചോദിച്ചത്?? എന്റെ ചെക്കനോ?? അതിനു എനിക്ക് പ്രണയം ഒന്നും ഇല്ലല്ലോ…പിന്നെ എങ്ങനെയാ ചെക്കൻ?? ”

വീണിടത്തു കിടന്നുരുളാൻ ഋതു ഒരു ശ്രമം നടത്തി. പക്ഷേ വർണ്ണ അതു കയ്യോടെ പിടിച്ചു.

“വേണ്ട മോളേ…. കെടന്നു ഉരുളണ്ട. നിന്റെ ചെക്കൻ എന്നു പറഞ്ഞപ്പോൾ തന്നെ നിന്റെ നാവിൽ വന്നത് കാണ്ടാമൃഗം എന്നാണ്. അതിനു അർഥം നിന്റെ മനസ്സിൽ ആളോട് സ്നേഹം ആണെന്ന് അല്ലേ…. അതും വഴക്കു എന്ന മുഖം മൂടിക്ക് പിന്നിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന നല്ല അസ്സലൊരു പ്രണയം??? ”

വർണ്ണയുടെ ചോദ്യത്തിനു ഋതു മൗനം പാലിച്ചു.

“എന്താ ഒന്നും മിണ്ടാത്തേ??? ഇവിടെ എല്ലാരും നിന്നെ സാഗറേട്ടന്റെ പേര് പറഞ്ഞു കളിയാക്കുമ്പോഴും എനിക്ക് അറിയാമായിരുന്നു; നിന്റെ മനസ്സിൽ നിലവിൽ ഒരു പ്രണയം ഉണ്ടേൽ അതു നിന്റെ സച്ചുയേട്ടനോട് മാത്രം ആകും എന്നു. അന്ന് നിന്റെ ചേട്ടന്റെ കല്യാണത്തിനു വന്നപ്പോൾ അതു എനിക്ക് ഉറപ്പായി. ”

“അതെങ്ങനെ??? ”

“നമ്മൾ പെൺകുട്ടികൾ ഒരാളെ സ്നേഹിച്ചു തുടങ്ങിയാൽ ആ ആളോട് വേറെ ഒരു പെണ്ണ് അടുക്കുന്നത് കാണുമ്പോൾ വല്ലാത്ത കുശുമ്പ് തോന്നും…ഒരുപക്ഷേ നമ്മൾ സ്നേഹം പ്രകടിപ്പിച്ചു തുടങ്ങും മുൻപ് പ്രകടിപ്പിക്കുക അതായിരിക്കും…അന്ന് കല്യാണത്തിന് വന്ന പെമ്പിള്ളേർ ആ ചേട്ടനെ നോക്കിയപ്പോൾ നിന്റെ മുഖത്തു തെളിഞ്ഞ കുശിമ്പ് ശ്രദ്ധിച്ചാൽ ആർക്കും മനസിലാകും. നിന്റെ ഉള്ളിൽ അങ്ങേരോട് കട്ട പ്രണയം ആണെന്ന്. പിന്നെ നീ ആ ചേട്ടനോട് ഈ വഴക്ക് മുഴുവൻ ഉണ്ടാക്കുന്നതും വൃന്ദയെന്ന പേരും പറഞ്ഞു ആണല്ലോ. ”

ഒരു പുസ്തകപ്പുഴുവായി മാത്രം കരുതിയിരുന്ന വർണ്ണ തന്റെ മനസ്സിനെ ഇത്രത്തോളം മനസിലാക്കിട്ടു ഉണ്ടെന്നു അറിഞ്ഞപ്പോൾ ഋതുവിനു പോലും അത്ഭുതം തോന്നി.

“വർണ്ണ….. ഞാൻ എന്താ പറയുക. സച്ചുയേട്ടനോട് എനിക്ക് പ്രണയം ആണോ എന്നു ചോദിച്ചാൽ എനിക്ക് അറിയില്ല. പക്ഷേ ഒത്തിരി ഇഷ്ടം ആണ്…ഈ ലോകത്ത് ഒരുപാട് ഒരുപാട് ദേഷ്യത്തോടെ ഞാൻ ജീവനുതുല്യം സ്നേഹിക്കുന്നതു ആ പ്രാന്തനെ മാത്രം ആണ്… ചെറിയ പണി ഒക്കെ കൊടുക്കും. എന്നാലും ഒത്തിരി ഇഷ്ടം ആണ് എനിക്ക് ആ കാണ്ടാമൃഗത്തിനെ…. but അതിനെ പ്രണയം എന്നു വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഒരു നിഴൽ ആയി പോലും ഏട്ടനും ഏട്ടൻ സ്നേഹിക്കുന്ന പെണ്ണിനും ഇടയ്ക്കു വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഏട്ടന്റെ മനസ്സിൽ ഒരു പെണ്ണ് ഉണ്ട്‌… ആ നീലക്കൽ മൂക്കുത്തിക്കാരി വൃന്ദയാണെന്ന് എനിക്ക് വ്യക്തമായി അറിയാം. ”

“ആക്ച്വലി ഈ വൃന്ദ എന്നൊരു കഥാപാത്രം ഉണ്ടോ???ഇന്നോളം പേര് കേട്ടിട്ടുണ്ട് എന്നല്ലാതെ നീ കണ്ടിട്ടുണ്ടോ അങ്ങനെ ഒരാളെ?? അറ്റ്ലീസ്റ്റ് ഫോട്ടോയിൽ എങ്കിലും. ”

“ഇല്ല…. പക്ഷേ സച്ചുയേട്ടൻ വാ തോരാതെ പറയാറുണ്ട്. കുറച്ചു ദിവസം മുൻപ് അപ്പച്ചിയും ആ പെണ്ണിന്റെ കാര്യം പറഞ്ഞതെ ഉള്ളൂ. അവളുടെ പേരും പറഞ്ഞു ഞാൻ ഏട്ടന് ഒരുപാട് പണി കൊടുത്തിട്ട് ഉണ്ട്‌. എന്നു കരുതി പരസ്പരം പ്രണയിക്കുന്ന രണ്ടു പേരെ അകറ്റി അവർക്കിടയിൽ കേറാൻ മാത്രം ചീപ്പ് അല്ല ഞാൻ…എന്റെ ഇഷ്ടം പോലും ഞാൻ ഒരിക്കലും ഏട്ടനെ അറിയില്ല. മറ്റൊരാൾക്ക്‌ സ്വന്തം ആണെന്ന് അറിഞ്ഞു കൊണ്ടു ഇഷ്ടം പറയുന്നത് അത്ര നല്ല സ്വഭാവം ആയി എനിക്ക് തോന്നുന്നില്ല. അതോണ്ട് എനിക്ക് ആ കാണ്ടാമൃഗത്തോട് ഉള്ളത് പ്രേമം.. കാതൽ.. പ്യാർ.. മൊഹബത്.. ഇഷ്‌ക്.. ഇത്യാദി ഐറ്റങ്ങൾ ഒന്നും അല്ല. അതോണ്ട് എന്റെ പോണു മോളു ഈ വിഷയം അങ്ങു മറന്നേക്ക്. ”

ഇനിയും ആ വിഷയം സംസാരിച്ചു ഋതുവിനെ വിഷമിക്കണ്ട എന്നു കരുതി വർണ്ണ പിന്നെ ഒന്നും പറഞ്ഞില്ല. പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ അവരുടെ പിറകിലായി നിറകണ്ണുകളോടെ നിൽക്കുന്ന സാഗറിനെ അവൾ കണ്ടു…വർണ്ണ നോക്കുന്നതു കണ്ടു മിണ്ടരുത് എന്നവൻ ആംഗ്യം കാണിച്ചു. അതു വഴി കടന്നു പോയപ്പോൾ ഋതു ഇരിക്കുന്നതു കണ്ടു സംസാരിക്കാൻ വന്നത് ആയിരുന്നു സാഗർ. പക്ഷേ അവിടെ നിന്നു അറിയേണ്ടി വന്നത് താൻ ഒരു വർഷമായി മനസ്സിൽ കൊണ്ടു നടക്കുന്ന പെണ്ണിന്റെ മനസ്സിൽ മറ്റൊരാൾ ഉണ്ടെന്ന സത്യവും. അവൻ മെല്ലെ കണ്ണു തുടച്ചു മുഖത്തു ഒരു പുഞ്ചിരി വരുത്തി ഋതുവിനു അരികിലേക്ക് ചെന്നു.

“എന്താ ഋതു ഇവിടെ ഇരിക്കുന്നതു… ബാക്കി വാനരപ്പട ഒക്കെ എവിടെ?? ”

“ആഹ് സാഗരേട്ടാ….എനിക്ക് ഒരു തളർച്ച പോലെ തോന്നി. അതാ ഇവിടെ ഇരുന്നത്… ബാക്കി വാനരപ്പടയെ ഞാൻ അത്തം കാണാൻ പറഞ്ഞു വിട്ടു…ചേട്ടന്റെ ഡിപ്പാർട്മെന്റ് അത്തം സൂപ്പർ ആയിട്ട് ഉണ്ട്‌ കേട്ടോ. പിന്നെ ചേട്ടന്റെ ശബ്ദം എന്താ വല്ലാണ്ടിരുക്കുന്നത്. കണ്ണും കലങ്ങീട്ട് ഉണ്ടല്ലോ. എന്തു പറ്റി??”

“ഒന്നും ഇല്ലടാ…. തൊണ്ട വേദനയാണ്. പിന്നെ കണ്ണു കലങ്ങിയിരിക്കുന്നത് ഇന്നലെ പൂ ഒക്കെ എടുക്കാൻ പോയിട്ടു വന്നപ്പോൾ ഒരുപാട് ലേറ്റ് ആയി… പിന്നെ ഇന്നു ദ ഇതുവരെയും ഒന്നു റസ്റ്റ്‌ എടുത്തിട്ട് ഇല്ല…. ഉറക്കക്ഷീണം നല്ല പോലെ ഉണ്ട്‌. അതാ കണ്ണ് കലങ്ങി ഇരിക്കുന്നതു…

ആഹ് അതൊക്കെ വിട്…. ഈ വായാടിയുടെ മനസ്സിൽ ഒരു കാമുകി ഹൃദയം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ? ”

സാഗർ പറഞ്ഞത് കേട്ട് ഋതു ഒരു നിമിഷം ഞെട്ടി…അവൾ വർണ്ണയേ നോക്കി. അവൾ ആണേൽ താൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ ഇരിക്കുകയായിരുന്നു.

“ആ കുട്ടിയെ നോക്കി കണ്ണുരുട്ടണ്ട. നിങ്ങൾ സംസാരിച്ചത് ഞാൻ കേട്ടു….കൊച്ചു കള്ളി എല്ലാം ഒളിച്ചു വെച്ചുല്ലേ. ”

സാഗറിന്റെ പെരുമാറ്റം ഞെട്ടിച്ചതു വർണ്ണയേ ആയിരുന്നു… ചങ്ക് പൊടിയുമ്പോഴും ഇങ്ങനെ ചിരിച്ചു നിൽക്കാൻ ചേട്ടന് എങ്ങനെ സാധിക്കുന്നു എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു.

“അങ്ങനെ കാമുകി എന്നൊന്നും പറഞ്ഞു കളിയാക്കണ്ട…. just ഒരിഷ്ടം അത്രേ ഉള്ളൂ. എല്ലാ ഇഷ്ടവും പ്രണയം അല്ലല്ലോ. പിന്നെ അങ്ങേർക്ക് വേറെ പെണ്ണും പെടക്കോഴിയും ഒക്കെ ഉണ്ട്‌.

എന്റെ കാര്യം വിട്…. രണ്ടു പേരെയും ഒരുമിച്ചു ഒറ്റയ്ക്ക് കിട്ടിയ സ്ഥിതിക്ക് വേറെ ഒരു കാമുകിയുടെ തനി നിറം ഞാൻ കാണിച്ചു തരാം.”

ഋതുവിന്റെ വാക്കുകൾ കേട്ട് വർണ്ണ ഒരുനിമിഷം പതറി…സാഗർ ആകട്ടെ ഒന്നും മനസിലാകാതെ രണ്ടുപേരുടെയും മുഖത്തു മാറി മാറി നോക്കി.

“ചേട്ടൻ ഇങ്ങനെ അന്തംവിട്ടു നോക്കണ്ട…എന്റെ പുസ്തകപ്പുഴു വർണ്ണജീവിക്കു ഉണ്ടല്ലോ ഒരാളോട് ഒടുക്കത്തെ പ്രണയം. ആരും കണ്ടുപിടിക്കില്ല എന്നാണ് കൊച്ചു കരുതിയത്…ശരിയാണ്. വേറെ ആർക്കും ഇതുവരെയും ഈ മിണ്ടാപൂച്ചയുടെ പ്രേമം പിടിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇവളെക്കാൾ വലിയ ഡിറ്റക്റ്റീവ് ആണ് ഈ ഋതു ഹരിനന്ദ…അതിവൾ മറന്നു പോയി”

“എന്തൊക്കെ വട്ടാ ഋതു നീ ഈ വിളിച്ചു പറയുന്നത്…. എനിക്ക് ആരോടും പ്രേമവും ഇല്ല ഒന്നും ഇല്ല. വെറുതെ ആവിശ്യം ഇല്ലാതെ ഓരോന്നു വിളിച്ചു പറയരുത്. ”

വർണ്ണയുടെ ശബ്ദം ഉയർന്നത്തോടെ ഋതുവിന്റെ ഭാവവും മാറി…അവൾക്കും ദേഷ്യം വരാൻ തുടങ്ങി.

“ഞാൻ പറഞ്ഞത് ഇല്ലാത്ത കാര്യം ആണല്ലേ?? ശരി ഞാൻ കള്ളം ആണ് പറഞ്ഞത്…ഞാൻ സമ്മതിക്കാം. പക്ഷേ എന്റെ തലയിൽ തൊട്ട് നീ പറയണം നിനക്ക് ഈ ഇരിക്കുന്ന സാഗർ നാരായണനെ ഇഷ്ടം അല്ലാന്നു… ആദ്യം കണ്ടപ്പോൾ മുതൽ ഉള്ളിൽ കൊണ്ടു നടക്കുവല്ലന്ന്… എപ്പോഴും താഴിട്ട് പൂട്ടി ആർക്കും കൊടുക്കാതെ കഴിഞ്ഞ ഒരു വർഷമായി കൊണ്ടു നടക്കുന്ന നിന്റെ ആ പേഴ്സണൽ ഡയറിയിൽ എഴുതി നിറച്ചിരിക്കുന്നു ഒന്നും ഈ ചേട്ടനോടുള്ള പ്രണയം അല്ലെന്നു….പറ… എന്റെ തലയിൽ തൊട്ട് സത്യം ചെയ്തു പറ ആ ഡയറിയിലെ ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്ന കണ്ണൻ സാഗറേട്ടനും രുഗ്മിണി നീയും അല്ല എന്നു…. പറ ”

ഋതു വർണയുടെ കൈ എടുത്തു സ്വന്തം തലയിൽ വെച്ചു…. പക്ഷേ വർണ്ണ ഒന്നും പറയാതെ കൈ പിൻവലിച്ചു. കാരണം ഋതു പറഞ്ഞ ഓരോ കാര്യങ്ങളും സത്യമായിരുന്നു..ഇതൊക്കെ കണ്ടു സാഗർ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.

“നിനക്ക് കഴിയില്ല വർണ്ണ…. കാരണം ഞാൻ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാണ്. ഒരാളുടെ പേർസണൽ ഡയറി വായിക്കുന്നതു തെറ്റാണു. പക്ഷേ എന്തോ നിന്റെ കാര്യത്തിൽ തെറ്റാണു എന്നു അറിഞ്ഞു കൊണ്ടും ഞാൻ അതു ചെയ്തു… മുന്നേ ഉള്ള സംശയം അപ്പോൾ എനിക്ക് ഉറപ്പായി. ആദ്യം മുതലേ സഗാറേട്ടൻ അടുത്തു വരുമ്പോൾ ഉള്ള നിന്റെ വിറയൽ ഞാൻ ശ്രദ്ധിച്ചിരുന്നത് ആണ്…നമ്മുടെ കൂട്ടത്തിൽ നീ മാത്രം എന്നെയും സാഗറെട്ടനെയും വേറെ കണ്ണിൽ കാണാറും ഇല്ല.. അങ്ങനെയാ നിന്റെ പ്രേമം ഞാൻ പിടിച്ചത്. ”

“ഋതു…. ഞാൻ….. ഞാൻ…. എനിക്ക്…. ”

വർണ്ണ വാക്കുകൾക്കു വേണ്ടി പരത്തുന്നതു കണ്ടു ഋതു സാഗറിനോടായി പറഞ്ഞു.

“പാവം ആണ് ഇവൾ… ചേട്ടനെ ഒത്തിരി ഇഷ്ടം ആണ് എന്റെ പാവം വർണ്ണജീവിക്കു. അവളുടെ ഡയറി വായിക്കുമ്പോൾ മനസ്സിലാകും ചേട്ടനതു…. പ്ലീസ് ഇവളെ വേദനിപ്പിക്കരുത്. ”

“ഋതു ഞാൻ…..വർണ്ണയേ……”

അതു പൂർത്തിയാക്കാൻ സാഗറിനെ അവൾ അനുവദിച്ചില്ല.

“എന്റെ ഡ്യൂട്ടി കഴിഞ്ഞു….ഇനി നിങ്ങൾ എന്താന്ന് വെച്ചാൽ തീരുമാനിച്ചോ…പക്ഷേ എന്നോട് ഒത്തിരി എങ്കിലും ഇഷ്ടം ഉണ്ടേൽ ഇവളെ മനസിലാക്കാൻ ശ്രമിക്കണം.
പിന്നെ വർണ്ണ….യഥാർത്ഥ രാധാകൃഷ്ണൻമാർക്കിടയിൽ പ്രണയം ആണോ സൗഹൃദമാണോ എന്ന് എനിക്ക് അറിയില്ല…അതു പ്രണയമായി കാണാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. പക്ഷേ ഈ രാധ നിന്റെ ഈ കൃഷ്ണന്റെ കൂട്ടുകാരി മാത്രാമാണ്… അതു നിനക്ക് വിശ്വസിക്കാം.

ഞാൻ പോയി കൂളറിൽ നിന്നു കുറച്ചു വെള്ളം കുടിച്ചിട്ട് വരാം. നിങ്ങൾ സംസാരിച്ചു ഇരിക്ക്.

അതും പറഞ്ഞു ഋതു എഴുന്നേറ്റുപോയി…. വർണ്ണയ്ക്കും സാഗറിനും ഇടയിൽ തളം കെട്ടി നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ടു വർണ്ണ സംസാരിച്ചു തുടങ്ങി.

“ഏട്ടൻ എന്താ ഋതുവിനോടുള്ള ഇഷ്ടം ഈ നിമിഷം പോലും ഒളിച്ചു വെച്ചത്. ഇപ്പോഴെങ്കിലും പറഞ്ഞൂടായിരുന്നോ അവളോട്‌??.. ”

“ഞാൻ ആ ഇഷ്ടം ഒളിച്ചു വെച്ചത് പരസ്പരം സ്നേഹിക്കുന്ന രണ്ടു പേർക്കിടയിൽ വരാതിരിക്കാൻ വേണ്ടിയാണ്. ”

“അതിനു അവർ പരസ്പരം സ്നേഹിക്കുന്നില്ലല്ലോ…ഋതു മാത്രം അല്ലേ സച്ചുയേട്ടനെ സ്നേഹിക്കുന്നുള്ളു. പിന്നെ ചേട്ടന്റെ മനസ്സിൽ ഉള്ള കാര്യം അവളോട് പറയുന്നതിൽ ഒരു തെറ്റും ഇല്ല…എത്രയോ പേർ മറ്റൊരാൾക്ക് സ്വന്തം ആണെന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇഷ്ടം പറഞ്ഞു ഇടയ്ക്കു ചെല്ലാറുണ്ട്. ”

“അവർ പരസ്പരം സ്നേഹിക്കുന്നില്ല എന്നതു നിന്റെ തോന്നൽ ആണ്. ഋതുവിന്റെ ഇഷ്ടം അറിയും മുന്നേ ഞാൻ അറിഞ്ഞത് അവളുടെ സച്ചുയേട്ടന്റെ കണ്ണിലെ പ്രണയമായിരുന്നു. അന്ന് വീഴാൻ പോയ ഋതുവിനെ ഞാൻ ഒന്നു താങ്ങിയപ്പോൾ അയാൾ എന്നെ നോക്കിയ ആ നോട്ടം ധാരാളം ആണ് ഋതുവിനോടുള്ള പ്രണയം മനസിലാക്കാൻ…ഋതുവിന്റെ മനസ്സിൽ അങ്ങനെ ഒരു ഇഷ്ടം ഇല്ലാന്ന് കരുതിയാണ് ഇത്രയും നാളു ഞാൻ അവളെ ഉള്ളിൽ കൊണ്ടു നടന്നത്…അവളുടെ മനസ്സ് ഞാൻ മനസ്സിലാക്കിയില്ല എന്നു പറയുന്നത് ആണ് കൂടുതൽ ശരി.

പരസ്പരം പറഞ്ഞിട്ട് ഇല്ലെന്നേ ഉള്ളൂ…. പക്ഷേ അവർ അന്യോന്യം അങ്ങേയറ്റം സ്നേഹിക്കുന്നുണ്ട്… അതു ഇരുവരും തിരിച്ചറിയുന്ന നിമിഷം ലോകത്തിലെ തന്നെ ഏറ്റവും നല്ല പ്രണയജോടികൾ ആകും അവർ.”

“പക്ഷേ ചേട്ടന്റെ ഇഷ്ടം അവൾ ഒന്നു അറിയുന്നതിൽ തെറ്റില്ലല്ലോ??? എത്രയോ പേരെ ഞാൻ കണ്ടിട്ട് ഉണ്ട്‌… മറ്റൊരാളുടെയാണെന്ന് അറിഞ്ഞിട്ടും അവരുടെ ജീവിതത്തിൽ ശല്യമാകാതെ ഒരു ഉപയോഗവും ഇല്ല എന്നു അറിഞ്ഞു കൊണ്ടു ജസ്റ്റ്‌ ഇങ്ങനെ ഒരിഷ്ടം തനിക്കു ഉണ്ടായിരുന്നു എന്നു മാത്രം ഒന്നു അറിയിച്ചിട്ടു മടങ്ങി പോകുന്നവരെ.”

“അതിനുള്ള ഉത്തരം ആ ചോദ്യത്തിൽ തന്നെ ഉണ്ട്‌… ഒരു ഉപയോഗവും ഇല്ലാതെ, മറ്റൊരാൾക്ക് അയാൾ സ്വന്തം ആണെന്ന് അറിഞ്ഞു കൊണ്ടു, തനിക്കു ഒരിക്കലും അയാളെ ലഭിക്കില്ല എന്ന തിരിച്ചറിവോടെ, ഒരുപക്ഷേ എന്റെ ഈ വാക്കുകൾ സന്തോഷത്തോടെ പോകുന്ന ആ രണ്ടു പേരുടെ എല്ലാ സന്തോഷങ്ങളും തകർക്കും എന്നു അറിഞ്ഞു കൊണ്ടു ആ ഇഷ്ടം അവരെ അറിയിക്കുന്നതു ഒരു തരം പ്രഹസനം അല്ലേ വർണ്ണ.

ഒരിക്കലും അങ്ങനെ സ്നേഹിക്കുന്നതു തെറ്റാണ് എന്നൊരു ചിന്ത എനിക്കില്ല. പക്ഷേ മറ്റൊരാളുടെ സ്വന്തം ആണെന്ന് അറിയാമെങ്കിൽ, അല്ലേൽ താൻ സ്നേഹിക്കുന്ന ആൾക്ക് യഥാർത്ഥത്തിൽ മറ്റൊരു അവകാശി ഉണ്ടെന്ന് പൂർണ ബോധ്യം ഉണ്ടെങ്കിൽ ഒന്നുകിൽ ആ ഇഷ്ടം അവിടെ ഉപേക്ഷിക്കണം. അതുമല്ലെങ്കിൽ മനസ്സിന്റെ ഏതേലും കോണിൽ മറ്റാരെയും അറിയിക്കാതെ എന്നന്നേക്കുമായി ഒളിപ്പിക്കണം…കാരണം അല്ലേൽ മനഃപൂർവം അല്ലെങ്കിലും പരസ്പരം സ്നേഹിക്കുന്നവർക്കിടയിൽ നമ്മൾ ഒരു കരട് ആയി മാറും.

ഒരുപക്ഷേ ഇഷ്ടം പറഞ്ഞിരുന്നു എങ്കിൽ അവരെ നമുക്ക് സ്വന്തമക്കമായിരുന്നു എന്ന കുറ്റബോധം തോന്നണം എങ്കിൽ അവർക്ക് മറ്റൊരു അവകാശി ഉണ്ടാകരുത്. അങ്ങനെ ഉണ്ടെങ്കിൽ ആ കുറ്റബോധത്തിന്റെയും ആവിശ്യം ഇല്ല…എന്നിട്ടുപോലും കുറ്റബോധം തോന്നിയാൽ അതു അവരെ അകറ്റാൻ ആഗ്രഹിക്കുന്നതു പോലെ ആകില്ലേ? ഇതു എന്റെ മാത്രം ചിന്ത ആണ് കേട്ടോ… ഓരോരുത്തർക്കും അവരുടെതായ ചിന്തധാരയാണ്.”

“ആ ചിന്ത എനിക്ക് മനസിലാകും…ചേട്ടന് ഋതുവിനെ ഇഷ്ടം ആണെന്ന് അറിയുന്നത് കൊണ്ടാണ് ഞാൻ എന്റെ ഇഷ്ടം ഒളിച്ചു വെച്ചത്. ഇതിപ്പോൾ പരസ്പരം സ്നേഹിക്കുന്ന രണ്ടു പേരുടെ കാര്യം അല്ലേ… ഏട്ടൻ പറഞ്ഞത് ആണ് ശരി. മറ്റൊരു അവകാശി ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ പിന്നീട് ഒരിക്കലും അവരെ നമ്മുടെ ഇഷ്ടം അറിയിച്ചു ആ ജീവിതത്തിലെ ഒരു കരടായി മാറരുത്.

ഞാൻ ഒരു കാര്യം ചോദിക്കട്ടെ???

“ചോദിക്കൂ…. ”

“ചേട്ടൻ പറഞ്ഞില്ലേ മറ്റൊരു അവകാശി ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഒന്നുകിൽ നമ്മുടെ ഇഷ്ടം അവിടെ ഉപേക്ഷിക്കണം. അല്ലെങ്കിൽ മനസ്സിന്റെ ഏതേലും കോണിൽ ആരും അറിയാതെ ഒളിപ്പിക്കണം എന്നു…ഋതുവിന്റെ കാര്യത്തിൽ ഏതു ഓപ്ഷൻ ആണ് ചേട്ടൻ സ്വികരിക്കുക?? ”

“ആ ഇഷ്ടം ഉപേക്ഷിക്കാൻ വളരെ വേഗം എനിക്ക് കഴിയില്ല…. അതു സാധിക്കും വരെ ആരും അറിയാതെ ഒളിച്ചുവെക്കും. പിന്നീട് എന്നെന്നും ഓർക്കാൻ ഒരു നല്ല ഓർമയായി അതു മാറും.”

“അതിനു കഴിയോ ഏട്ടനു??? നേരുത്തേ ആ കണ്ണിൽ കണ്ട കണ്ണുനീർ അതിനു അനുവദിക്കോ?? ”

“കഴിയും…. കാരണം എന്റെ സ്നേഹത്തേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം ഋതുവിന്റെ സന്തോഷവും അവളുടെ ചുണ്ടിലെ പുഞ്ചിരിയുമാണ്. അതിനു വേണ്ടി എന്റെ സ്നേഹം മാത്രമല്ല ജീവൻ വേണേലും ഞാൻ വേണ്ടാന്ന് വെയ്ക്കും.
എപ്പോഴും സ്വന്തം ആക്കുന്നത് മാത്രമല്ല കുട്ടി പ്രണയം…നമ്മൾ സ്നേഹിക്കുന്ന ആളുടെ സന്തോഷത്തിനു വേണ്ടി വിട്ടുകൊടുക്കുന്നതും പ്രണയം തന്നെയാണ്..ഈ ജന്മം എന്റെ പ്രണയം ഇങ്ങനെയാണ്….പിന്നെ ശരി ഞാൻ പോട്ടേ?? .”

“ഒരു കാര്യം കൂടി ചോദിക്കട്ടെ?? തെറ്റാണെങ്കിൽ ക്ഷമിക്കണം. ”

“ചോദിക്കൂ… ”

“ഋതു എന്നും ഈ കൃഷ്ണന്റെ രാധയായി തന്നെ ഇരുന്നോട്ടെ… ഒരിക്കലും രാധയുടെ സ്ഥാനം വേണം എന്നു ഞാൻ പറയില്ല. പക്ഷേ ഈ കൃഷ്ണന്റെ രുഗ്മിണിയാക്കിക്കൂടെ എന്നെ?? ”

“വർണ്ണ….. അതു…… ”

“നിർബന്ധിക്കില്ല….എപ്പോഴേലും ഇഷ്ടം തോന്നിയാൽ പറയാൻ മടിക്കേണ്ട… ഞാൻ കാത്തിരുന്നോളാം. ”

“മ്മ്…. എനിക്ക് കുറച്ചു സമയം തരൂ….അങ്ങനെ ഒരു സ്ഥാനം തനിക്കു തരാൻ എന്നേലും എന്റെ മനസ്സ് എന്നോട് പറഞ്ഞാൽ ഞാൻ ഉറപ്പായും പറയാം. എന്തായാലും വേറെ ആർക്കും ആ സ്ഥാനം ഈ ജന്മം കൊടുക്കില്ല…കാരണം ഞാൻ ഒത്തിരി ഇഷ്ടപ്പെട്ട ഒരാൾ ആ ഇഷ്‌ടത്തിന്റെ പേരിൽ എന്നോട് ആവിശ്യപ്പെട്ടത് നിന്റെ സന്തോഷമാണ്…. പക്ഷേ കുറച്ചു സമയം വേണം എനിക്ക്.”

“സാരമില്ല ഏട്ടാ…. ഞാൻ കാത്തിരിക്കും ആ ദിവസത്തിനു വേണ്ടി…”

സാഗർ ഉള്ളിൽ ഒരു നോവോടെ മെല്ലെ നടന്നു നീങ്ങി….കാലം ആ മുറിവും ഉണക്കും… കാരണം കാലത്തിനു മായ്ക്കാനാകാത്ത മുറിവുകൾ ഇല്ല… വർണ്ണയ്ക്കു ഇത് ഒരു കാത്തിരുപ്പിന്റെ തുടക്കമാണ്… അവളുടെ പ്രണയത്തിനായുള്ള കാത്തിരുപ്പ്.

ഇതെല്ലാം ദൂരെ നിന്നു ഒരാൾ ഒരു പുഞ്ചിരിയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു…ആ മനസ്സ് മെല്ലെ മന്ത്രിച്ചു.

“ജീവിതകാലം മുഴുവൻ സന്തോഷിക്കാൻ ഇങ്ങനെ ഒരു കുഞ്ഞു നോവ് അനിവാര്യമാണ് സഗാറേട്ടാ…എന്നേക്കാൾ ചേട്ടന് എന്തുകൊണ്ടും ചേരുന്നത് വർണ്ണയാണ്. ഈ രാധ തെരഞ്ഞെടുത്ത രുഗ്മിണി ഒരിക്കലും മോശമാകില്ല… അതു കാലം തന്നെ തെളിയിക്കും…കണ്ണന്റെരാധ ഒരിക്കലും കണ്ണനു ദോഷം വരുന്നത് ചെയ്യില്ല..”

തുടരും…..

(ഒരേ പേരിൽ ഉള്ള രണ്ടു നായകൻമാർ പ്രണയത്തിന്റെ രണ്ടു ഭാവങ്ങൾ ആയിരുന്നു….ഒരാൾക്ക് മനസ്സിൽ വർഷങ്ങളായി ഒളിപിച്ച പ്രണയം തിരിച്ചും ലഭിക്കുമ്പോൾ രണ്ടാമൻ താൻ സ്നേഹിച്ച പെണ്ണിന്റെ സന്തോഷത്തിനു വേണ്ടി മാത്രം ആ പ്രണയത്തെ മറക്കാൻ തയാറാകുന്നു. എപ്പോഴും ഒത്തുചേരൽ മാത്രമല്ല നമ്മൾ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള ത്യാഗവും പ്രണയമാണ്. വർണ്ണയുടെ കാത്തിരുപ്പും അതേ പ്രണയത്തിന്റെ മറ്റൊരു രൂപമാണ്.

സാഗറിനെ ദുരന്തനായകൻ ആക്കി എന്ന പരാതി വേണ്ട… അവനു വർണ്ണ ഉണ്ടല്ലോ… എന്നേലും ആ സ്നേഹം അവൻ മനസിലാക്കും. ഉറപ്പ്.

ഇനി ബാക്കിയുള്ളതു ഒരേയൊരു നായകൻ….ഋതുവിന്റെ റിയൽ ഹീറോ….

അഭിപ്രായങ്ങൾ പറയാൻ മറക്കരുത്. ) ..തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഋതുസാഗരം: ഭാഗം 14

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 10

ഋതുസാഗരം: ഭാഗം 11

ഋതുസാഗരം: ഭാഗം 12

ഋതുസാഗരം: ഭാഗം 13

Share this story