Kerala
ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവും ബോക്സിംഗ് ഇതിഹാസവുമായ ജോർജ് ഫോർമാൻ അന്തരിച്ചു

മുൻ ലോക ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യനും ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവുമായ ജോർജ് ഫോർമാൻ അന്തരിച്ചു. 76 വയസായിരുന്നു. 1974ൽ കോംഗോയിൽ മുഹമ്മദ് അലിയുമായി നടന്ന വാശിയേറിയ ബോക്സിംഗ് മത്സരത്തിന്റെ പേരിൽ പ്രസിദ്ധനാണ് ഫോർമാൻ
റംബിൾ ഇൻ ദി ജംഗിൾ എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത്. കുടുംബമാണ് മരണവാർത്ത അറിയിച്ചത്. മരണകാരണം എന്തെന്ന് വ്യക്തമല്ല. ബോക്സിംഗ് റിംഗിൽ ബിഗ് ജോർജ് എന്ന പേരിലാണ് ജോർജ് ഫോർമാൻ അറിയപ്പെട്ടിരുന്നത്
1968ൽ മെക്സികോ ഒളിമ്പിക്സിൽ സ്വർണം നേടുമ്പോൽ വെറും 19 വയസ് മാത്രമാണ് അദ്ദേഹത്തിന് പ്രായം. 1973ൽ ജോ ഫ്രേസിയറിനെ പരാജയപ്പെടുത്തിയാണ് ആദ്യ ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടം നേടിയത്. 1994ൽ 46 വയസ്സുള്ളപ്പോൾ വിഖ്യാതനായ മൈക്കിൾ മൂററെ പരാജയപ്പെടുത്തിയും ജോർജ് ചരിത്രം സൃഷ്ടിച്ചിരുന്നു.