ആറ്റുകാല്‍ പെങ്കാല 13ന്, രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ പകരും, ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യം

തിരുവനന്തപുരം: ഒരാണ്ടിന്‍റെ കാത്തിരിപ്പിന് വിരമമിട്ട് മാര്‍ച്ച് 13 നു നടക്കുന്ന പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ക്ഷേത്ര ഭാരവാരികള്‍ അറിയിച്ചു. മാര്‍ച്ച് 13ന് രാവിലെ 10ന് ദേവിയെ പാടി കുടിയിരുത്തിയ ശേഷം രാവിലെ 10.15ന് പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് തീ പകരും.
ഇതോടെ ക്ഷേത്ര പരിസരത്തു നിന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപടരും. കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടനെ ശ്രീകോവിലില്‍ നിന്ന് മേല്‍ശാന്തി തന്ത്രിയുടെ സാന്നിധ്യത്തില്‍ ദീപം പകര്‍ന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിക്കുന്നു. അതേ ദീപം സഹ ശാന്തിമാര്‍ക്കു കൈമാറും. സഹശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍ വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും തീകത്തിക്കുന്നു. പിന്നാലെ ഭക്തര്‍ക്ക് അടുപ്പുകളിലേക്ക് തീപകരുന്നതിനുള്ള അറിയിപ്പായി ചെണ്ടമേളവും കതിനാവെടിയും മുഴങ്ങും.
പിന്നെ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും യാഗശാലയാകും. ദേവീ സ്‌തുതികളാല്‍ നഗരം മുഖരിതമാകും. ഇത്തവണ പൊങ്കാലക്കലങ്ങളില്‍ തീപടരുമ്പോള്‍ പതിവു പോലെ ആകാശത്തു നിന്നു പുഷ്‌പ വൃഷ്‌ടി നടത്തുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട പണികള്‍ കാരണം ഇത്തവണ പുഷ്‌പ വൃഷ്‌ടി സാധ്യമല്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പൊങ്കാല ദിവസം പണികള്‍ നിര്‍ത്തിവച്ച് പുഷ്‌പ വൃഷ്‌ടിക്ക് അദാനി ഗ്രൂപ്പ് സമ്മതിക്കുകയായിരുന്നു.
പൊങ്കാല ദിവസം രാവിലെ 10 മുതല്‍ താലപ്പൊലി ആരംഭിക്കും. പൊങ്കാല ദിവസം ദര്‍ശനം നടത്തുന്നതിനുള്ള തിരക്കു കണക്കിലെടുത്ത് വടക്കു ഭാഗത്തു നിന്നു ഭക്തരെ ദര്‍ശനത്തിനു കടത്തിവിട്ട ശേഷം തെക്കു കിഴക്കു ഭാഗത്തു കൂടി പുറത്തു വിടും. പൊങ്കാല ദിവസം രാത്രി 7.30 ന് കുത്തിയോട്ട ബാലന്‍മാര്‍ക്കുള്ള ചൂരല്‍ക്കുത്ത് ആരംഭിക്കും. രാത്രി 11.30 ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. ക്ഷേത്രത്തില്‍ നിന്ന് മണക്കാട് ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ച ശേഷം പിറ്റേ ദിവസം പ്രഭാതത്തില്‍ ധര്‍മ്മ ശാസ്‌താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് രാവിലെ ഒന്‍പത് മണിയോടെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും. 14 ന് രാത്രി 10 മണിക്ക് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം പുലര്‍ച്ചെ ഒന്നിന് കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും.
ആറ്റുകാല്‍ പൊങ്കാല ഐതിഹ്യം
തന്‍റെ കോപാഗ്നിയില്‍ മധുരാ നഗരത്തെ ചുട്ടെരിച്ച കണ്ണകിയുടെ ക്രോധം ശമിച്ച് ശാന്തയാക്കുന്നതിനായി സ്ത്രീകള്‍ പൊങ്കാല ഇട്ടു നിവേദ്യം അര്‍പ്പിച്ചു എന്ന വിശ്വാസത്തിലാണ് ഇന്നും ഭക്തര്‍ ദേവിക്കായി പൊങ്കാല അര്‍പ്പിക്കുന്നത്. മഹിഷാസുര വധം കഴിഞ്ഞ് ഭക്തര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട ദേവിയെ സ്ത്രീകള്‍ പൊങ്കാല നൈവേദ്യം ഭക്തിപൂര്‍വ്വം അര്‍പ്പിച്ചു സ്വീകരിച്ചുവെന്നൊരു ഐതിഹ്യവുമുണ്ട്. സര്‍വ്വാഭീഷ്‌ടദായിനിയായ ആറ്റുകാലമ്മയുടെ മുന്നില്‍ വ്രത ശുദ്ധിയോടെ തപസനുഷ്‌ഠിച്ച് അഭീഷ്‌ട സിദ്ധി കൈവരിക്കുന്നതിനാണ് സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കുന്നത്.
പുതിയ മണ്‍കലം, പച്ചരി, ശര്‍ക്കര, നാളികേരം, എന്നിവയാണ് പൊങ്കാലയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ പഞ്ചഭൂത സമ്മേളനത്തിലൂടെ പൊങ്കാല നൈവേദ്യം ഒരു വിശിഷ്‌ട വഴിപാടായി മാറുന്നു എന്നാണ് വിശ്വാസം. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് ആറ്റുകാല്‍ പൊങ്കാല ഉത്സവം ആരംഭിക്കുന്നത്. പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഒന്‍പതാം ദിവസമാണ് ആറ്റുകാല്‍ പൊങ്കാല.
10-ാം ദിവസം കുരുതി തര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കുന്നു. ഉത്സവത്തിന്‍റെ ഒന്നാം ദിവസം ക്ഷേത്രത്തിനു മുന്നില്‍ പന്തല്‍ കെട്ടി നിശ്ചിത മുഹൂര്‍ത്തത്തില്‍ കണ്ണകീ ചരിതം പ്രകീര്‍ത്തിക്കുന്ന തോറ്റംപാട്ടു പാടി ദേവിയെ കുടിയിരുത്തുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്നു 10 ദിവസത്തേക്കു കുടിയിരുത്തുന്നു എന്നതാണ് സങ്കല്‍പ്പം.
പൊങ്കാലയിടാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്
കോട്ടണ്‍ വസ്‌ത്രങ്ങള്‍ മാത്രം ധരിച്ചെത്തുക
ചൂടിന്‍റെ തീക്ഷ്‌ണത കൂടുതലാണെന്ന് കാലവസ്ഥാ വിഭാഗം അറിയിച്ച സാഹചര്യത്തില്‍ പൊങ്കാല അടുപ്പുകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
പുകയിലും പൊടിയിലും നിന്നു രക്ഷ നേടാന്‍ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്
പൊങ്കാല അടുപ്പുകള്‍ക്ക് പച്ചക്കട്ടകള്‍ ഉപയോഗിക്കരുത്
പ്ലാസ്റ്റിക് കവറുകള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക
പൊതു വഴികളില്‍ ഗതാഗതം തടസപ്പെടുത്തുന്ന തരത്തില്‍ പൊങ്കാല അടുപ്പുകള്‍ പാടില്ല
നടപ്പാതയില്‍ പാകിയ ടൈലുകള്‍ക്കു മുകളില്‍ അടുപ്പുകള്‍ കൂട്ടാന്‍ പാടില്ല
ഗ്രീന്‍ പ്രോട്ടോക്കോളിന്‍റെ ഭാഗമായി പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കുക, ഇക്കാര്യം അന്നദാനവും കുടിവെള്ളവും നല്‍കുന്നവര്‍ പ്രത്യേകം ശ്രദധിക്കുക
സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്‌തുക്കളും അന്നേ ദിവസം ഒഴിവാക്കുക
ആഹാരവും കുടിവെള്ളവും നല്‍കുന്നവര്‍ ശുചിത്വ മിഷനുമായും തൊട്ടടുത്ത പൊലീസ് സ്റ്റേഷനുമായും ബന്ധപ്പെട്ട് ആവശ്യമായ അനുമതികള്‍ വാങ്ങുക
ഭക്ഷണം വിതരണം ചെയ്യുന്നവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.