ഓപറേഷൻ സിന്ദൂർ ഇന്ത്യയുടെ രൗദ്രഭാവം; ഏപ്രിൽ 22ലെ ആക്രമണത്തിന് 22 മിനിറ്റിൽ മറുപടി നൽകി: പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചും ഇതിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിനെ കുറിച്ചും രാജസ്ഥാനിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. ഭീകരരെ ഇല്ലാതാക്കുമെന്ന് ഈ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. രാജ്യത്തെ സേന ജനങ്ങളുടെ ആശീർവാദത്തോടെ തിരിച്ചടിച്ചു
ഈ സർക്കാർ മൂന്ന് സേനകൾക്കും സമ്പൂർണ സ്വാതന്ത്ര്യം നൽകി. മൂന്ന് സേനകളും ചേർന്ന് ചക്രവ്യൂഹം തീർത്തു. ഏപ്രിൽ 22ന് ഭീകരർ നടത്തിയ ആക്രമണത്തിന് 22 മിനിറ്റിൽ മറുപടി നൽകി. 9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു.
സിന്ദൂരം മായ്ക്കാൻ നോക്കിയവരെ അവരുടെ മണ്ണിൽ പോയി നശിപ്പിച്ചു. ഇന്ത്യയുടെ രൗദ്രഭാവമായിരുന്നു ഓപറേഷൻ സിന്ദൂർ. ഭീകരവാദ ആക്രമണങ്ങൾക്ക് രാജ്യം തക്കതായ മറുപടി നൽകും. പാക്കിസ്ഥാന്റെ കപട മുഖം കാണിക്കാൻ നമ്മുടെ സംഘം ലോകരാഷ്ട്രങ്ങൾ സന്ദർശിക്കുന്നുണ്ട്.
നമ്മുടെ വ്യോമത്താവളങ്ങൾ ആക്രമിക്കാൻ അവർ ശ്രമിച്ചെങ്കിലും ഒന്നിൽ പോലും ഒന്ന് തൊടാൻ പാക്കിസ്ഥാന് സാധിച്ചില്ല. പാക്കിസ്ഥാനോട് ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് പാക് അധീന കാശ്മീരിന് വേണ്ടിയുള്ളതാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു