Sports

പൊരുതാന്‍ പോലുമാകാതെ പാകിസ്ഥാന്‍ കീഴടങ്ങി; തകര്‍പ്പന്‍ വിജയത്തോടെ സെമി ടിക്കറ്റെടുത്ത് ഇന്ത്യ: കോഹ്ലിക്ക് സെഞ്ചുറി

ആവേശപ്പോരാട്ടം പ്രതീക്ഷിച്ച് ഇന്ത്യ-പാക് മത്സരം കണ്ടവര്‍ക്കെല്ലാം കാണാനായത് ഇന്ത്യയുടെ ആവേശം മാത്രം. ഒരു വേള പോലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താനാകാതെ പാകിസ്ഥാന്‍ കീഴടങ്ങി. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: പാകിസ്ഥാന്‍: 49.4 ഓവറില്‍ 241, ഇന്ത്യ: 42.3 ഓവറില്‍ നാല് വിക്കറ്റിന് 244. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും (111 പന്തില്‍ 100 നോട്ടൗട്ട്), അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും (67 പന്തില്‍ 56), ശുഭ്മന്‍ ഗില്ലിന്റെയും (52 പന്തില്‍ 46) ബാറ്റിങാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. കോഹ്ലിയുടെ 51-ാം ഏകദിന സെഞ്ചുറിയാണിത്.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ കീവിസിനോടും, ഇപ്പോള്‍ ഇന്ത്യയോടും തോറ്റ പാകിസ്ഥാന്റെ നില പരുങ്ങലിലാണ്. അടുത്ത മത്സരങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ന്യൂസിലന്‍ഡിനെ കീഴടക്കിയാല്‍ മാത്രമേ പാകിസ്ഥാന് നേരിയ സാധ്യത അവശേഷിക്കൂ. ഒപ്പം പാകിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പിക്കുകയും വേണം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പരിക്കേറ്റ ഫഖര്‍ സമാന് പകരം ടീമിലെത്തിയ ഇമാം ഉള്‍ ഹഖ് 26 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. അക്‌സര്‍ പട്ടേല്‍ റണ്ണൗട്ടാക്കുകയായിരുന്നു. തൊട്ടുപിന്നാലെ 26 പന്തില്‍ 23 റണ്‍സെടുത്ത ബാബര്‍ അസമിന്റെ വിക്കറ്റും വീണു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്താണ് ബാബര്‍ മടങ്ങിയത്

മൂന്നാം വിക്കറ്റില്‍ സൗദ് ഷക്കീലിന്റെയും, ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്റെയും ചെറുത്തുനില്‍പ് പാക് സ്‌കോര്‍ ബോര്‍ഡില്‍ അധികമായി 104 റണ്‍സ് ചേര്‍ത്തു. മന്ദഗതിയില്‍ ബാറ്റ് വീശിയ റിസ്വാനെ (77 പന്തില്‍ 46) അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. പിന്നാലെ 76 പന്തില്‍ 62 റണ്‍സെടുത്ത സൗദ് ഷക്കീലും മടങ്ങി.

പിന്നീട് വന്ന ബാറ്റര്‍മാരില്‍ ഖുശ്ദില്‍ ഷാ(39 പന്തില്‍ 38)യ്ക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. മറ്റ് ബാറ്റര്‍മാര്‍ വന്ന പോലെ മടങ്ങി. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് സ്വന്തമാക്കി. അക്‌സര്‍ പട്ടേലും, ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് പങ്കിട്ടു. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ഹീറോയായിരുന്ന മുഹമ്മദ് ഷമിക്ക് വിക്കറ്റ് കിട്ടിയില്ല. ആദ്യ ഓവറില്‍ അഞ്ച് വൈഡാണ് താരമെറിഞ്ഞത്. പരിക്കും താരത്തെ അലട്ടി. എന്നാല്‍ പിന്നീടുള്ള ഓവറുകളില്‍ മികച്ച രീതിയില്‍ പന്ത് എറിഞ്ഞെങ്കിലും വിക്കറ്റ് സ്വന്തമാക്കാനായില്ല.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സെടുത്ത രോഹിതിനെ ഷഹീന്‍ അഫ്രീദി ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ 100ല്‍ എത്തിയപ്പോള്‍ ഗില്ലും പുറത്തായി. അബ്രാര്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ കോഹ്ലിയും ശ്രേയസും 114 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്.

Related Articles

Back to top button
error: Content is protected !!