Kerala
പനയംപാടം അപകടം: ലോറി ഡ്രൈവർ അറസ്റ്റിൽ, കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം
പാലക്കാട് കരിമ്പക്ക് സമീപം പനയംപാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡ്രൈവർ മലപ്പുറം സ്വദേശി പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ പിൻവശമിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് സിമന്റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും കല്ലടിക്കോട് പോലീസും അറിയിച്ചു. അതേസമയം റോഡിന്റെ അപാകതയാണ് പനയംപാടത്തെ തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ വിഷയം ചർച്ച ചെയ്യാൻ യോഗം ചേരുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി, മറ്റ് ജനപ്രതിനിധികൾ, നാട്ടുകാരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.